‘ലാഭപ്രഭ’ ഫ്യൂസായി; കൈമലര്‍ത്തി കെ.എസ്.ഇ.ബി

കോട്ടയം/തലയോലപ്പറമ്പ്: വൈദ്യുതി ഉപഭോഗം കുറക്കാന്‍ ലക്ഷ്യമിട്ട് വൈദ്യുതി ബോര്‍ഡ് ആവിഷ്കരിച്ച ‘ലാഭപ്രഭ’ പദ്ധതി നിലച്ചു. വൈദ്യുതി ബില്ലിലെ അറിയിപ്പനുസരിച്ച് പണവുമായി എല്‍.ഇ.ഡി ബള്‍ബുകള്‍ വാങ്ങാന്‍ കെ.എസ്.ഇ.ബി ഓഫിസുകളില്‍ എത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് സ്റ്റോക്കില്ളെന്ന മറുപടി. പുതിയതായി നല്‍കുന്ന വൈദ്യുതി ബില്ലുകളിലും 190 രൂപക്ക് രണ്ട് എല്‍.ഇ.ഡി ബള്‍ബുകള്‍ ലഭിക്കുമെന്ന അറിയിപ്പ് പ്രത്യേമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് എത്തുന്നവരുടെ മുന്നിലാണ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുന്നത്. ഇനി എപ്പോള്‍ ബള്‍ബ് കിട്ടുമെന്ന് പറയാനും ഇവര്‍ക്ക് കഴിയുന്നില്ല. കുറഞ്ഞ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപഭോക്താക്കള്‍ക്ക് 190 രൂപക്ക് നല്‍കുന്ന പദ്ധതിക്ക് മാര്‍ച്ചിലാണ് തുടക്കമായത്. 400 രൂപ വിലവരുന്ന ഒമ്പത് വാട്ടിന്‍െറ രണ്ട് ബള്‍ബ് വൈദ്യുതി ബില്ലടച്ച രസീതും തിരിച്ചറിയല്‍ കാര്‍ഡും കാട്ടുന്ന ഉപഭോക്താക്കള്‍ക്കാണ് ലഭിച്ചിരുന്നത്. ബില്ലടക്കുന്ന കൗണ്ടറില്‍ തന്നെയാണ് ഇതിന്‍െറ പണവും സ്വീകരിച്ചിരുന്നത്. പദ്ധതി തുടങ്ങിയ ആദ്യമാസങ്ങളില്‍ പണം അടക്കുന്നവര്‍ക്കെല്ലാം ഇത് ലഭിച്ചെങ്കിലും പിന്നീട് ബള്‍ബുകള്‍ കിട്ടാതായി. നിലവില്‍ ജില്ലയിലെ ഒരുസെക്ഷന്‍ ഓഫിസുകളിലും ബള്‍ബുകള്‍ സ്റ്റോക്കില്ല. മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ബള്‍ബ് നല്‍കുമെന്ന പ്രഖ്യാപനത്തോടെ തുടക്കമിട്ട പദ്ധതിയുടെ ആനുകൂല്യം ജില്ലയിലെ പകുതിയില്‍ താഴെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ലഭിച്ചത്. നേരത്തേ മുതല്‍ നടപ്പാക്കിവരുന്ന ലാഭപ്രഭ പദ്ധതിയുടെ മൂന്നാം ഘട്ടംമായിരുന്നു എല്‍.ഇ.ഡി വിതരണം. ഇത് പൂര്‍ണമായി നടപ്പാക്കിയിരുന്നെങ്കില്‍ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ കുറവുണ്ടാക്കുമായിരുന്നു. കേന്ദ്രം ആവിഷ്കരിച്ച പദ്ധതിപ്രകാരം എനര്‍ജി സര്‍വിസ് കോര്‍പറേഷനായിരുന്നു കെ.എസ്.ഇ.ബിക്ക് ബള്‍ബുകള്‍ നല്‍കിയത്. ഒന്നരക്കോടി ബള്‍ബുകളാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി 65 ലക്ഷം ബള്‍ബുകള്‍ എനര്‍ജി സര്‍വിസ് കോര്‍പറേഷന്‍ നല്‍കി. വാക്കാലുള്ള കരാര്‍ അനുസരിച്ചാണ് ആദ്യഘട്ടമായി ബള്‍ബുകള്‍ നല്‍കിയത്. ഇതിനുശേഷം കരാര്‍ ഒപ്പിടണമായിരുന്നെങ്കിലും ഇതിന് വൈദ്യുതി ബോര്‍ഡ് തയാറായില്ല. ഇതോടെ ബള്‍ബുകള്‍ നല്‍കുന്നത് നിര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പും ഭരണമാറ്റവും മൂലമാണ് കരാര്‍ ഒപ്പിടാന്‍ കഴിയാതിരുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ തുടര്‍നടപടി ഉണ്ടാകുകയുള്ളൂവെന്നും ഇവര്‍ പറയുന്നു. ഊര്‍ജക്ഷമത കൂടിയ വിളക്കുകള്‍ പ്രചരിപ്പിക്കാനാണ് സി.എഫ്.എല്ലിന്‍െറ വിലയ്ക്ക് രണ്ട് എല്‍.ഇ.ഡി ബള്‍ബുകളെന്ന എന്ന പദ്ധതി കേന്ദ്രം ആവിഷ്കരിച്ചത്. കേരളം അടക്കം 11 സംസ്ഥാനങ്ങളിലാണ് പദ്ധതിക്ക് തുടക്കമായത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതി മുന്നേറുകയാണ്. ബള്‍ബിന് മൂന്നു വര്‍ഷം ഗാരന്‍റി ഉണ്ടെങ്കിലും വിതരണം ചെയ്ത തീയതി ബള്‍ബുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതുമൂലം ഗാരന്‍റി ലഭിക്കാത്ത സ്ഥിതിയാണ്. ബള്‍ബുകളുടെ ഗാരന്‍റികാര്യം ‘കുടുതല്‍ പൊല്ലാപ്പുകള്‍’ ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ മറച്ചുവെക്കുകയായിരുന്നത്രേ. അതിനിടെ, സ്വകാര്യ ബള്‍ബ് നിര്‍മാണ കമ്പനികളെ സഹായിക്കുന്നതിന്‍െറ ഭാഗമായി പദ്ധതി ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയായിരുന്നുവെന്ന ആക്ഷേപവുമുയരുന്നുണ്ട്. എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടെന്നിരിക്കെ, കുറഞ്ഞ വിലയ്ക്ക് ഇത് ലഭിക്കുന്നത് തടയാന്‍ സ്വകാര്യ ബള്‍ബ് കമ്പനികള്‍ ശ്രമിച്ചതിന്‍െറ ഫലമാണ് ‘ലാഭപ്രഭ’ നിലച്ചതിന് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.