വട്ടോളിക്കടവ് പാലത്തിലേക്ക് അപ്രോച്ച് റോഡിന് നടപടിയായി

പാലാ: ഭരണങ്ങാനം വട്ടോളിക്കടവ് പാലത്തിലേക്ക് അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ നടപടിയായി. മീനച്ചിലാറിന് കുറുകെ ഭരണങ്ങാനം-തിടനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വട്ടോളിക്കടവ് പാലത്തിലേക്ക് അപ്രോച്ച് റോഡിനായി 250 ലക്ഷം രൂപയുടെ നിര്‍മാണ പദ്ധതിക്ക് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി കെ.എം. മാണി എം.എല്‍.എ അറിയിച്ചു. ഈ പദ്ധതിക്കുള്ള ഭരണാനുമതി നേരത്തേ നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും നിലവില്‍ വന്നതിനാലാണ് ടെന്‍ഡര്‍ നടപടി വൈകിയതെന്നും അദ്ദേഹം പറഞ്ഞു. വട്ടോളിക്കടവ് പാലത്തിന് സമീപം ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാത ഒന്നര മീറ്റര്‍ ഉയര്‍ത്തി നിര്‍മിച്ചാണ് അപ്രോച്ച് റോഡ് ഉണ്ടാക്കുക. 550 മീറ്റര്‍ നീളത്തിലാകും റോഡ് ഈ ഭാഗത്ത് ഉയര്‍ത്തുക. ഇതോടൊപ്പം ഇവിടെയുള്ള കലുങ്കും വീതികൂട്ടി പുനര്‍നിര്‍മിക്കും. റോഡ് ഉയര്‍ത്തുന്ന പ്രവൃത്തികള്‍ക്കുശേഷമാകും കലുങ്ക് നിര്‍മിക്കുക. ഈ പദ്ധതിക്കായി നേരത്തേ ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും നിയമതടസ്സങ്ങളെ തുടര്‍ന്ന് ഈ ടെന്‍ഡര്‍ അംഗീകരിക്കാതെ വന്നതും പദ്ധതി നീളാന്‍ ഇടയാക്കി. വീണ്ടും പുതിയ ദര്‍ഘാസ് ക്ഷണിച്ചാണ് ഇപ്പോള്‍ നിര്‍മാണത്തിനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. അടുത്തയാഴ്ച നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി കെ.എം. മാണി അറിയിച്ചു. റോഡ് ഉയര്‍ത്തിയശേഷം ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യും. 3.50 കോടി മുടക്കി 11 മീറ്റര്‍ വീതിയില്‍ 66 മീറ്റര്‍ നീളത്തില്‍ ഒരു വര്‍ഷം മുമ്പ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും പാലം റോഡ് നിരപ്പില്‍നിന്ന് ഉയര്‍ന്നതായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് പാലത്തിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഭരണങ്ങാനത്തെ മൂന്നാമത് പാലമാണ് വട്ടോളിക്കടവ്. വിലങ്ങുപാറ കടവ്, തറപ്പേല്‍ കടവ് എന്നിവയാണ് മറ്റ് പാലങ്ങള്‍. ഇതോടെ മീനച്ചിലാറിന്‍െറ മറുകരനിന്ന് ഭരണങ്ങാനത്തേക്കും തിരിച്ചും തടസ്സമില്ലാത്ത യാത്രാസൗകര്യം ഉറപ്പാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.