റോഡ് നവീകരണം വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലാക്കുന്നു

ഏറ്റുമാനൂര്‍: അശാസ്ത്രീയമായ റോഡ് നവീകരണം ഏറ്റുമാനൂരില്‍ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലാകുന്നതിന് കാരണമായി. എം.സി റോഡില്‍ സെന്‍ട്രല്‍ ജങ്ഷനും തവളക്കുഴിക്കും ഇടക്കുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടുമാസമായി വന്‍ ഗതാഗതക്കുരുക്കിന് പുറമെ വൈദ്യുതി ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലാകുന്നതിനും കാരണമായി. പടിഞ്ഞാറേ നടയില്‍ തിരു ഏറ്റുമാനൂരപ്പന്‍ ബസ് ബേക്ക് മുന്നില്‍ ഇപ്പോള്‍ മൂന്നാമത് തവണയാണ് റോഡ് ഉയര്‍ത്തുന്നതും താഴ്ത്തുന്നതും. ആദ്യം നിലവിലുണ്ടായിരുന്ന ടാറിങ് പൊളിച്ച് കോണ്‍ക്രീറ്റും പാറപ്പൊടിയും കലര്‍ന്ന മിശ്രിതം ഇട്ട് ഉറപ്പിച്ചു. ഒപ്പം ഒരു വശത്ത് ഓടയും സ്ഥാപിച്ചു. ടൗണിലെ ഉയര്‍ന്ന പ്രദേശമായ ഇവിടെ റോഡ് ലെവല്‍ ചെയ്യുന്നതിന്‍െറ ഭാഗമായി താഴ്ത്തിയിരുന്നില്ല. ടാറിങ് പൊളിച്ചപ്പോള്‍ മുതല്‍ ടെലിഫോണ്‍ ബന്ധം ഭാഗികമായി തകര്‍ന്നു . റോഡ് താഴ്ത്താത്തതും ഈ ഉയരത്തിനനുസരിച്ച് മറ്റ് ഭാഗങ്ങള്‍ ഉയര്‍ത്തുകയും ചെയ്തപ്പോള്‍ പല വ്യാപാരസ്ഥാപനങ്ങളും കുഴിക്കുള്ളിലായി. പ്രതിഷേധം ഉയര്‍ന്നതോടെ റോഡ് അല്‍പം താഴ്ത്താനുള്ള നടപടികളായി. റോഡ് താഴ്ത്തിയപ്പോള്‍ തിരു ഏറ്റുമാനൂരപ്പന്‍ ബസ്ബേയിലെ വെയ്റ്റിങ് ഷെഡില്‍ യാത്രക്കാര്‍ക്ക് കയറാന്‍ ബുദ്ധിമുട്ടായി. ഇതിനിടെ റോഡ് കുഴിച്ചപ്പോള്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ വക ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ അവിടവിടെ തകര്‍ന്നത് പ്രശ്നമായി. ആഴ്ചകളോളം ടെലിഫോണ്‍ ബന്ധം പലയിടത്തും നിലച്ചു. ഇതിനു പിന്നാലെയാണ് റോഡ് പഴയപടിയിലേക്ക് വീണ്ടും ഉയര്‍ത്തിയത്. അശാസ്ത്രീയമായ റോഡുപണിക്കെതിരെ നാട്ടുകാരും വ്യാപാരികളും പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തത്തെിയതോടെ ഇപ്പോള്‍ മൂന്നാമത് തവണ വീണ്ടും റോഡ് താഴ്ത്തുകയാണ്. നിലവില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് ഓടയുടെ അടിഭാഗത്തുനിന്ന് രണ്ട് അടിയോളമാണ് റോഡ് വീണ്ടും താഴ്ത്തുന്നത്. മെറ്റിലും പാറപ്പൊടിയും കലര്‍ന്ന മിശ്രിതം നിരത്തി ടാറിങ്ങിന് തൊട്ടുമുമ്പുള്ള സ്റ്റേജിലത്തെിയപ്പോഴാണ് വീണ്ടും റോഡ് താഴ്ത്താന്‍ നടപടിയായത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡ് താഴ്ത്തിത്തുടങ്ങിയതോടെ ഒരിക്കല്‍ നന്നാക്കിയിട്ടതുള്‍പ്പെടെ ബി.എസ്.എന്‍.എല്‍ കേബിളുകള്‍ വീണ്ടും മുറിഞ്ഞു. 1200, 800 ജോഡി ലൈനുകളുള്ള മൂന്നും നാലും കേബിളുകളാണ് പലയിടത്തും മുറിഞ്ഞുപോയത്. ഇതോടെ ഏറ്റുമാനൂര്‍ ടൗണിന്‍െറ വിവിധ ഭാഗങ്ങളിലേക്കുള്ള ടെലിഫോണ്‍ കണക്ഷനുകള്‍ മൂന്നുദിവസമായി വിച്ഛേദിക്കപ്പെട്ടെന്നുമാത്രമല്ല വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലായി. പത്തോളം ജീവനക്കാര്‍ രാപകലില്ലാതെ ജോലി ചെയ്തിട്ടും കണക്ഷന്‍ പുന$സ്ഥാപിക്കാനാകുന്നില്ല. ഒരു സ്ഥലത്ത് തകരാര്‍ പരിഹരിക്കുമ്പോള്‍ മറുവശത്ത് വീണ്ടും റോഡ് കുഴിക്കുന്നത് ഇവരുടെ ജോലി വൃഥാവിലാകാനും കാരണമാകുന്നു. ഇതിനിടെ ഇന്നലെ റോഡ് കുഴിച്ചപ്പോള്‍ കുടിവെള്ള വിതരണത്തിന്‍െറ പൈപ്പ് പൊട്ടി ഒരു കെട്ടിടത്തിന്‍െറ ഉയരത്തില്‍ ജലമൊഴുകിയതും പ്രശ്നമായി. വൈദ്യുതിയും ടെലിഫോണും ഇല്ലാതായതോടെ ഈ പ്രദേശത്ത് രണ്ടുമാസത്തോളമായി വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും ശരിക്കും പ്രവര്‍ത്തിക്കുന്നില്ല. ജില്ലാ പഞ്ചായത്തിന്‍േറതായി പടിഞ്ഞാറേ നടയില്‍ പണി കഴിപ്പിച്ചിരിക്കുന്ന വെയ്റ്റിങ് ഷെഡ് റോഡ് താഴുന്നതോടെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത രീതിയില്‍ ഉയരത്തിലാവുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.