കാട്ടുകൊമ്പനും പുലിയും നാട്ടില്‍; ഭീതിയൊഴിയാതെ മലയോരം

മുണ്ടക്കയം: കാട്ടുകൊമ്പനും പുലിയും മലയോര ഗ്രാമങ്ങളില്‍ ഇറങ്ങിയതോടെ വനാതിര്‍ത്തി മേഖലയില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കോരുത്തോട്, കൊക്കയാര്‍, പെരുവന്താനം, എരുമേലി, മുണ്ടക്കയം പഞ്ചായത്ത് പ്രദേശങ്ങളാണ് വനാതിര്‍ത്തി പങ്കിടുന്നത്. എല്ലാ വര്‍ഷവും മിക്ക സ്ഥലങ്ങളിലും മൃഗങ്ങള്‍ നാട്ടിലിറങ്ങുകയും നിരവധി നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പലപ്പോഴും ലഭിക്കാറില്ല. ശബരിമല വനം അതിരിടുന്ന കോരുത്തോട് പഞ്ചായത്തിലെ 504 കോളനി, മാങ്ങാപേട്ട എന്നിവിടങ്ങളിലാണ് ഇക്കുറി കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷം. കഴിഞ്ഞദിവസം രാത്രി കാട്ടാനയിറങ്ങി മേഖലയില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കാട്ടാനയെ കൂടാതെ പുലിയും കാട്ടുപോത്തുകളും വരെ നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് പുലര്‍ച്ചെ മാങ്ങാപേട്ടയിലെ ഒരു വീട്ടുമുറ്റത്ത് പുലിയെ കണ്ടത് ഭീതിയിലാഴ്ത്തിയിരുന്നു. അപ്രതീക്ഷിതമായി പുലിയെ കണ്ട ഞെട്ടലില്‍ വീട്ടുകാര്‍ നിലവിളിച്ചതോടെ പുരയിടത്തിലെ പൊന്തക്കുള്ളില്‍ പുലി ഒളിച്ചു. വിവരമറിഞ്ഞത്തെിയ നാട്ടുകാര്‍ കല്ളെറിയുകയും പാട്ടകൊട്ടി ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. ചാടിക്കടക്കുന്നതിനിടെ കമ്പിവേലിയില്‍ ഉടക്കിയ ദേഹത്തെയും വാലിലെയും രോമങ്ങള്‍ തെളിവായി അവശേഷിപ്പിച്ചാണ് പുലി കടന്നത്. പുലി ഓടിയ സ്ഥലത്തെല്ലാം കാല്‍പാദങ്ങളും പതിഞ്ഞുകിടന്നിരുന്നു. ഇതിനുശേഷം രണ്ടാഴ്ച കഴിഞ്ഞതോടെ 504 കോളനിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ വെള്ളനാടി റബര്‍ തോട്ടത്തില്‍ കാട്ടുപോത്തിറങ്ങി ടാപ്പിങ് തൊഴിലാളികളെ ആക്രമിക്കാന്‍ ഓടിച്ച സംഭവവും ഉണ്ടായി. ആറുമാസങ്ങള്‍ക്ക് മുമ്പ് കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തിയില്‍ കാട്ടാനയിറങ്ങി ഒരേക്കറോളം കൃഷി നശിപ്പിച്ചിരുന്നു. വനാതിര്‍ത്തി മേഖലകളില്‍ വനം വകുപ്പിന്‍െറ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പരമ്പരാഗത രീതിയിലുള്ള കിടങ്ങുകളോ പ്രതിരോധ വേലികളോ തീര്‍ത്താല്‍ പ്രശ്നത്തിന് പരിഹാരമാകും. ഇതിനാവശ്യമായ സംവിധാനങ്ങളുണ്ടാക്കുമെന്ന് അധികാരികള്‍ പറയാന്‍തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഒന്നും യാഥാര്‍ഥ്യമായിട്ടില്ല. അതിര്‍ത്തിയിലെ ജനവാസ മേഖലയില്‍ രാത്രി പുറത്തിറങ്ങാന്‍പോലും പലരും ധൈര്യപ്പെടാറില്ല. അതിര്‍ത്തി പ്രദേശങ്ങളില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.