ബിഷപിന്‍െറ നിലപാടിനെ തള്ളി കുമരകം ആറ്റാമംഗലം പള്ളി

കോട്ടയം: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാരത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ ബിഷപിന്‍െറ നിലപാടിനെ തള്ളി ആറ്റാമംഗലം പള്ളി രംഗത്ത്. ഇടവകയുടെ ഭരണഘടന അനുസരിച്ചുള്ള നടപടിയാണ് തങ്ങള്‍ കൈക്കൊണ്ടതെന്നും ഇതില്‍ അക്രൈസ്തവമായി ഒന്നുമില്ളെന്നും കുമരകം ആറ്റാമംഗലം സെന്‍റ് ജോണ്‍സ് യാക്കോബായ പള്ളി വികാരി ഫാ. സൈമണ്‍ മാനുവല്‍, മാനേജിങ് കമ്മിറ്റി സെക്രട്ടറി ഷിന്‍സ് മാത്യു, ട്രസ്റ്റി പി.വി. ഏബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്കാരചടങ്ങ് സംബന്ധിച്ച് പള്ളിക്കമ്മിറ്റിക്ക് സഭ പൂര്‍ണ അധികാരം നല്‍കിയിട്ടുള്ളതാണ്. ഇടവകാംഗത്വം ഉള്ളയാള്‍ക്ക് മാത്രമാണ് ഭരണഘടനയനുസരിച്ച് സംസ്കാരചടങ്ങിന് അനുമതി നല്‍കുന്നത്. ഇടവക അറിയാതെ വിവാഹം കഴിക്കുമ്പോള്‍ നിലവിലുള്ള ഇടവകാംഗത്വം നഷ്ടപ്പെടും. നിയമപ്രകാരം മാനേജിങ് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയാല്‍ അംഗത്വം പുനസ്ഥാപിക്കാനാവും. ഇതിന് മേരി ജോണ്‍ അഖൗരി (92) മരിക്കുന്നതിന് മുമ്പ് അവരോ കുടുംബാംഗങ്ങളോ അപേക്ഷ നല്‍കിയിട്ടില്ല. അതിനാലാണ് സംസ്കാരത്തിന് കമ്മിറ്റി അനുമതി നിഷേധിച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വ്യക്തികളുടെ പ്രശസ്തിയോ സാമ്പത്തികമോ പരിഗണിച്ചിട്ടല്ല. ഈ വിഷയത്തില്‍ ബിഷപിന്‍െറ വാക്കുകള്‍ അത്യന്തം വേദനാജനകമാണ്. സഭയുടെ തന്നെ പൊന്‍കുന്നം പള്ളിയില്‍ സംസ്കാരം നടത്തിയത് ഏതു മാനദണ്ഡത്തിലാണെന്ന് തങ്ങള്‍ക്കറിയില്ല. ഇക്കാര്യത്തില്‍ ഒരു കല്‍പ്പനയും ബിഷപ് തങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. ഹിന്ദുസമുദായത്തില്‍ വിശ്വസിച്ചതിന്‍െറ പേരിലാണ് സംസ്കാരത്തിന് അനുമതി നിഷേധിച്ചതെന്ന പ്രചാരണം ശരിയല്ളെന്നും പള്ളി ഭാരവാഹികള്‍ പറഞ്ഞു. സംസ്കാരത്തിന് അനുമതി നിഷേധിച്ച നടപടി മാനുഷികവും ക്രൈസ്തവവുമല്ളെന്ന് കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം നടപടി വിശ്വാസത്തിന്‍െറ ഭാഗമായി കാണാനാവില്ളെന്നും നീതികേട് മാത്രമാണെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.