മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍

മുണ്ടക്കയം: കാലവര്‍ഷം ശക്തമായതോടെ കിഴക്കന്‍ മലയോര മേഖല ഉരുള്‍പൊട്ടലിന്‍െറയും മണ്ണിടിച്ചിലിന്‍െറയും ഭീഷണിയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ മേഖലയിലുണ്ടായ കനത്ത ഉരുള്‍ പൊട്ടലാണ് ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പെരുവന്താനം പഞ്ചായത്തിലെ തെക്കേമല കാരുവര ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി വ്യാപക കൃഷി നാശത്തിനിടയാക്കിയിരുന്നു. മേഖലയിലെ സ്വകാര്യവ്യക്തി റോഡ് നിര്‍മാണം നടത്തിയ പാറകളും മണ്ണുകളും മഴയിലൊഴുകിയായിരുന്നു നാശമുണ്ടായത്. പെരുവന്താനം, കൊക്കയാര്‍, കോരുത്തോട്, കൂട്ടിക്കല്‍, മുണ്ടക്കയം പഞ്ചായത്തുകളിലെ നിരവധി ഗ്രാമങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പെരുവന്താനം പഞ്ചായത്തിലെ തെക്കേമല, മതമ്പ, കാനംമല, വെള്ളാനി, മഞ്ഞകലോരം എന്നിവിടങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. മതമ്പയില്‍ മിക്ക കാലവര്‍ഷത്തിലും ഉരുള്‍പൊട്ടല്‍ പതിവാണ്. മതമ്പ ടോപ് ഭാഗത്തു തുടര്‍ച്ചയായി ഉരുള്‍പൊട്ടലുണ്ടാകുകയും നിരവധി വീടുകള്‍ ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. ഉരുള്‍ പൊട്ടല്‍ പതിവായതോടെ മേഖല ഉപേക്ഷിച്ചു പോയവര്‍ നിരവധിയാണ്. കൊക്കയാര്‍ പഞ്ചായത്തിലെ മേലോരം, ഉറുമ്പിക്കര, വെമ്പാല, വടക്കേമല, എണ്‍പത്തിയെട്ടു ഭാഗം, തൂങ്ങാമുടി, മുക്കുളം ടോപ് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ പതിവാണ്. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്, ഞര്‍ക്കാട്, വല്യേന്ത, പ്ളാപ്പള്ളി, കാവാലി പറത്താനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. കോരുത്തോട് പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളില്‍ മുമ്പ് ഉരുളും മണ്ണിടിച്ചിലും മൂലം നഷ്ടം സംഭവിച്ചിട്ടുണ്ട്. മുണ്ടക്കയത്തും തല്‍സ്ഥിതി തന്നെയാണ് നിലനില്‍ക്കുന്നത്. മഴ കനത്താല്‍ ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മേഖലയില്‍ താമസക്കാരെ മാറ്റി പാര്‍പ്പിക്കുന്നത് അടക്കം കാര്യങ്ങള്‍ ചെയ്യേണ്ട അധികാരികളും മൗനത്തിലാണെന്ന ആക്ഷേപം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.