മുക്കളം സ്കൂളില്‍ ഒന്നാം ക്ളാസില്‍ തോമസ് ജോജോ മാത്രം

മുണ്ടക്കയം: കൊക്കയാര്‍ പഞ്ചയത്തിലെ മുക്കളം സെന്‍റ് ജോര്‍ജ് സ്കൂളില്‍ പ്രവേശനോത്സവം ഇക്കുറി ഒരാള്‍ക്കുവേണ്ടി മാത്രമായിരുന്നു. ഒന്നാം ക്ളാസിലേക്ക് തോമസ് ജോജോ എന്ന തോമാച്ചന്‍ എത്തിയപ്പോള്‍ ഹെഡ്മാസ്റ്റര്‍ മാത്തച്ചന്‍െറ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു സ്വീകരിച്ചു. മുക്കുളം മൂഴിപ്ളാക്കല്‍ ജോജോയുടെ മകനാണ് തോമസ്. മുന്‍കൂട്ടി പറഞ്ഞുവെച്ച അഡ്മിഷനാണ് ഇത്. രാവിലെ 10നു തോമാച്ചന്‍ വരാന്‍ വൈകിയപ്പോള്‍ അധ്യാപകര്‍ ഒന്ന് ശങ്കിച്ചു, ഇക്കുറി ഒന്നാം ക്ളാസില്‍ ആരുമില്ളെന്നാവുമോ എന്ന്. എന്തായാലും 10.30ഓടെ തോമാച്ചന്‍ രക്ഷാകര്‍ത്താക്കളോടൊത്ത് ക്ളാസിലത്തെി. ക്ളാസ് മുറിയില്‍ മറ്റാരെയും കാണാതെ തോമാച്ചനും വിഷമമായി. പിന്നെ ടീച്ചര്‍ എത്തിയതോടെ സന്തോഷവും വന്നു. ഒരുകാലത്തു ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന മുക്കുളം സെന്‍റ് ജോര്‍ജ് ഹൈസ്കൂളില്‍ ഇന്നു വെറും 65പേര്‍ മാത്രമാണ് വിദ്യാര്‍ഥികള്‍. ആവശ്യത്തിനു കെട്ടിടവും മറ്റെല്ലാ സൗകര്യവുമുണ്ടെങ്കിലും കുട്ടികളുടെ കുറവു സ്കൂളിന്‍െറ നിലനില്‍പിനെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണ്. 10 വര്‍ഷമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയമുണ്ട്. കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ ഈ അംഗീകാരം കിട്ടുന്ന ഏകസ്കൂളും മുക്കുളം സെന്‍റ് ജോര്‍ജ് തന്നെ. ഒന്നാം ക്ളാസില്‍ കഴിഞ്ഞ വര്‍ഷവും ഒരാള്‍ മാത്രമായിരുന്നു എത്തിയത്. ഇപ്പോള്‍ ഒന്നിലും രണ്ടിലും കുട്ടികളുടെ എണ്ണം ഒന്നു തന്നെ. മലയോര കുടിയേറ്റ കര്‍ഷക ഗ്രാമമായ ഇവിടെ ആളുകള്‍ താമസം മാറി പോയതും ജനന നിരക്കു കുറഞ്ഞതുമെല്ലാം വിദ്യാര്‍ഥികളുടെ എണ്ണം കുറയാന്‍ ഇടയാക്കിയതായി ഹെഡ്മാസ്റ്റര്‍ മാത്തച്ചന്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കുന്ന പണം കൂടാതെ അധ്യാപകരും അനധ്യാപകരും ചേര്‍ന്നു കുട്ടികള്‍ക്കു വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുന്നു. മാസത്തില്‍ രണ്ടുതവണ ഇറച്ചിയും മീനുമുണ്ട്. പരിപ്പും സാമ്പാറും മുട്ടയും അച്ചാറും തോരനും പപ്പടവുമെല്ലാം ഉച്ചഭക്ഷണ വിഭവമാണ്. സ്കൂളിലേക്കു വാഹന സൗകര്യമില്ളെന്നതാണ് പ്രധാന പ്രശ്നം. മുക്കുളം ഭാഗത്തെ കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. ഇളങ്കാട്, ഏന്തയാര്‍, വടക്കേമല, താഴത്തങ്ങാടി എന്നിവിടങ്ങളില്‍നിന്നെല്ലാം പഠിക്കാന്‍ വരാന്‍ ആഗ്രഹമുള്ളവര്‍ നിരവധിയുണ്ട്. എന്നാല്‍, കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടി കുന്നിന്‍മുകളിലെ സ്കൂളിലത്തൊന്‍ ആരും തയാറാകുന്നില്ല. മുമ്പ് ഇവിടെ നിന്ന് മുണ്ടക്കയത്തേക്കു സ്വകാര്യ ബസ് സര്‍വിസ് ഉണ്ടായിരുന്നു. രണ്ടു വര്‍ഷമായി മുടങ്ങിയ സര്‍വിസ് പുനരാരംഭിച്ചിട്ടില്ല. ഇപ്പോള്‍ താല്‍ക്കാലികമായി അധികൃതര്‍ സ്വകാര്യ ജീപ്പ് വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ സജ്ജമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.