കോട്ടയം ജില്ലയില്‍ സപൈ്ളകോ കുടിശ്ശിക 21 കോടി കവിഞ്ഞു

കോട്ടയം: നെല്ല് സംഭരിച്ച വകയില്‍ കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്ക് സപൈ്ളകോ നല്‍കാനുള്ള കുടിശ്ശിക 21 കോടി കവിഞ്ഞു. ഇത്തവണത്തെ സംഭരണം മേയ് 31ന് അവസാനിച്ചെങ്കിലും നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് ഇതുവരെ വില പൂര്‍ണമായി ലഭിച്ചിട്ടില്ല. മേയ് 26വരെയുള്ള കണക്കനുസരിച്ച് 93 കോടിയുടെ നെല്ലാണ് ജില്ലയില്‍നിന്ന് സപൈ്ളകോ സംഭരിച്ചത്. ഇതില്‍ 21.12 കോടി കുടിശ്ശികയാണ്. 14,000 കര്‍ഷകരില്‍നിന്നായി 42,000 മെട്രിക് ടണ്‍ നെല്ല് ഇതുവരെ ശേഖരിച്ചു. അവസാന ദിനങ്ങളിലെ കണക്കുകൂടി ചേരുന്നതോടെ ഇതില്‍ നേരിയ വര്‍ധനയുണ്ടാകും. കോട്ടയം താലൂക്കിലെ തിരുവാര്‍പ്പ്, കുമരകം പ്രദേശങ്ങളില്‍നിന്നാണ് കൂടുതല്‍ നെല്ളെടുത്തത്. ചങ്ങനാശേരിയിലെ വാഴപ്പള്ളി, പായിപ്പാട് മേഖലകള്‍ക്കാണ് രണ്ടാം സ്ഥാനം. ഇതുവരെ കര്‍ഷകര്‍ക്ക് 71.03 കോടിയാണ് നല്‍കിയത്. ഇനി കൊടുക്കാന്‍ അവശേഷിക്കുന്നത് 21.12 കോടിയാണ്. ഒരു കിലോ നെല്ലിന് കേന്ദ്രത്തിന്‍െറ 14 രൂപ 10 പൈസയും സംസ്ഥാനത്തിന്‍െറ ഏഴു രൂപ 40 പൈസയും ചേര്‍ത്താണ് 21.50 പൈസ കര്‍ഷകന് നല്‍കുന്നത്. ആദ്യം കേന്ദ്രവിഹിതമായ 14.10 രൂപ വീതമാണ് ഒരോ കിലോക്കും കര്‍ഷകര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് രണ്ടാം ഘട്ടമായി അവശേഷിച്ച തുകയും നല്‍കി. ഇത്തരത്തില്‍ മാര്‍ച്ച് 31വരെയുള്ള തുക പൂര്‍ണമായി നല്‍കിയിട്ടുണ്ട്. മേയ് രണ്ടിനുശേഷം നെല്ല് നല്‍കിയവര്‍ക്ക് ഒരുപൈസപോലും ലഭിച്ചിട്ടില്ല. അതിനിടെ, സംസ്ഥാനത്തെ മൊത്തം കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക 188 കോടി കവിഞ്ഞു. ആലപ്പുഴയിലാണ് കുടിശ്ശിക കൂടുതല്‍ -71.87 കോടി. പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് 30 കോടിയും ലഭിക്കാനുണ്ട്. 14 ജില്ലകളിലായി ആകെ കുടിശ്ശിക 1,88,93,42,124 രൂപയാണ്. പുതിയ മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ കുടിശ്ശിക നല്‍കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും പ്രഖ്യാപിച്ചില്ല. മുന്‍സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്ന സാമ്പത്തിക പ്രതിസന്ധിയെന്ന ന്യായം പുതിയ സര്‍ക്കാര്‍ നിരത്തുമോയെന്ന ആശങ്കയുമുണ്ട്. പണം ലഭിക്കാന്‍ വൈകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട അധിക ചെലവുകള്‍ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. അടുത്ത വിതക്കുള്ള സമയമായതോടെ നിലം ഒരുക്കാന്‍ തുക കണ്ടത്തെണം. ഈ സാഹചര്യത്തില്‍ കുടിശ്ശിക ഉടന്‍ ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. തുക ഘട്ടംഘട്ടമായി നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നും ഇവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.