ജില്ലയില്‍ പ്രതിദിനം കെ.എസ്.ആര്‍.ടി.സി റദ്ദാക്കുന്നത് 74 ഷെഡ്യൂളുകള്‍

കോട്ടയം: ആവശ്യത്തിന് ജീവനക്കാരും ബസുമില്ലാത്തതിനാല്‍ ജില്ലയില്‍ പ്രതിദിനം കെ.എസ്.ആര്‍.ടി.സി റദ്ദാക്കുന്നത് 74 ഷെഡ്യൂളുകള്‍. ഇതിന് പുറമെ ഏഴ് ഡിപ്പോകളിലായി 129 ഡ്രൈവര്‍മാരുടെയും 79 കണ്ടക്ടര്‍മാരുടെയും ഒഴിവുകളും കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മിക്ക ഡിപ്പോകളിലും സര്‍വിസ് നടത്തുന്നത് ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുള്ള ബസുകളായതിനാല്‍ രണ്ട് ട്രിപ് കഴിഞ്ഞാല്‍ കട്ടപ്പുറത്താകുന്നതും പതിവ്. മിക്ക ദിവസവും അറ്റകുറ്റപ്പണി നടത്തിയാല്‍ മാത്രമോടുന്ന ബസുകളാണ് ഡിപ്പോകളില്‍ ഏറെയും. ജീവനക്കാരുടെ കുറവുമൂലം രോഗബാധിതരായാല്‍ പോലും പലര്‍ക്കും അവധിയെടുക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഷെഡ്യൂളുകള്‍ റദ്ദാക്കുന്നത് വൈക്കം ഡിപ്പോയിലാണ്. 70 ഷെഡ്യൂളുകളാണുള്ളതെങ്കിലും 24 ബസുകള്‍ കട്ടപ്പുറത്തായതിനാല്‍ 46 ഷെഡ്യൂളുകള്‍ മാത്രമേ നിരത്തിലിറങ്ങുന്നുള്ളു. ഒരു ട്രിപ് പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ബസുകള്‍വരെയുണ്ട് ഇവിടെ. പാതിവഴിയില്‍ പണിമുടക്കുന്ന ബസുകളാണ് പലപ്പോഴും സര്‍വിസിനായി ഉപയോഗിക്കുന്നത്. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അത് നികത്താത്തതാണ് ഡിപ്പോയുടെ പ്രതിദിനപ്രവര്‍ത്തനത്തെ തകിടം മറിക്കുന്നത്. ജില്ലയിലെ പ്രധാന ഡിപ്പോയായ കോട്ടയത്തുനിന്ന് 130 ഷെഡ്യൂളുകളാണുള്ളതെങ്കിലും 120 ഷെഡ്യൂളുകള്‍ മാത്രമേ സര്‍വിസ് നടത്തുന്നുള്ളൂ. ആവശ്യത്തിന് ബസുകളുണ്ടെങ്കിലും 30ഓളം ഡ്രൈവര്‍മാരുടെ കുറവാണ് സര്‍വിസുകള്‍ മാസങ്ങളായി മുടങ്ങാന്‍ കാരണം. ജീവനക്കാരുടെ എണ്ണക്കുറവ് മൂലം ദീര്‍ഘദൂര സര്‍വിസുകള്‍വരെ മുടങ്ങാറുണ്ട്. പാലാ ഡിപ്പോയില്‍ 99 ഷെഡ്യൂളുകളാണുള്ളതെങ്കിലും 80 എണ്ണം മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഇവിടെ 42 കണ്ടക്ടര്‍മാരെയും 40 ഡ്രൈവര്‍മാരെയും ലഭിച്ചാല്‍ മാത്രമേ ഷെഡ്യൂള്‍ മുടക്കം അവസാനിപ്പിക്കാന്‍ കഴിയൂ. ചങ്ങനാശേരിയില്‍ 65 ഷെഡ്യൂളുകളില്‍ 57 എണ്ണം മാത്രമേ നിരത്തിലിറങ്ങുന്നുള്ളു. ഷെഡ്യൂളിന് അനുസരിച്ചുള്ള ബസുകള്‍ ഇല്ലാത്തതും കണ്ടക്ടര്‍മാരില്ലാത്തതുമാണ് പലപ്പോഴും ഇവിടെ സര്‍വിസ് വെട്ടിക്കുറക്കാന്‍ കാരണമാകുന്നത്. സര്‍വിസ് നടത്താനുള്ള ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഈരാറ്റുപേട്ടയില്‍ 60ല്‍ 55ഉം എരുമേലിയില്‍ 30ല്‍ 28 ഷെഡ്യൂളും മാത്രമേ നിരത്തിലിറങ്ങുന്നുള്ളു. പൊന്‍കുന്നം ഡിപ്പോയിലെ 42 സര്‍വിസുകളില്‍ ആറെണ്ണം പഴയ വണ്ടികളായതിനാല്‍ കട്ടപ്പുറത്താണ്. പലപ്പോഴും സര്‍വിസ് മുടക്കുന്ന പഴയ ബസുകള്‍ മിക്ക ദിവസവും ഗാരേജുകളിലാണ്. 36 സര്‍വിസുകള്‍ മാത്രമേ പലപ്പോഴും സര്‍വിസ് നടത്തുന്നുള്ളു. സ്കൂള്‍ തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം പെരുകുന്നതോടെ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടും. ഇതോടെ സര്‍വിസുകള്‍ മുടങ്ങിയാല്‍ യാത്രക്കാരും വിദ്യാര്‍ഥികളും വലയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.