ദേവികുളത്തെ വന്‍കിട കൈയേറ്റങ്ങള്‍ ‘സെഞ്ച്വറി’ കവിഞ്ഞു

മൂന്നാര്‍: ദേവികുളം താലൂക്കിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ വില്ളേജ് ഓഫിസര്‍മാര്‍ നടപടി ആരംഭിച്ചു. എട്ട് വില്ളേജുകളിലായി 100ലേറെ അനധികൃത കൈയേറ്റങ്ങള്‍ അന്വേഷക സംഘം കണ്ടത്തെി. കെട്ടിടങ്ങളുടെ നിലവിലെ സ്ഥിതി കാമറകളില്‍ പകര്‍ത്തുന്നുണ്ട്. മൂന്നാറിലെ ഇക്കാനഗറില്‍ 20 അനധികൃത വന്‍കിട കൈയേറ്റങ്ങള്‍ കണ്ടത്തെി എട്ട് കെട്ടിടങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കി. പള്ളിവാസലില്‍ 14 വന്‍കിട കൈയേറ്റങ്ങള്‍ കണ്ടത്തെി നടപടി ആരംഭിച്ചതായി വില്ളേജ് ഓഫിസര്‍ അറിയിച്ചു. ദേവികുളം താലൂക്കിലെ എട്ട് വില്ളേജുകളില്‍ കലക്ടറുടെ എന്‍.ഒ.സി വാങ്ങാതെ തഹസില്‍ദാറുടെ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റും പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന മോഡിഫിക്കേഷന്‍ പെര്‍മിറ്റും ഉപയോഗിച്ച് നിര്‍മാണങ്ങള്‍ നടക്കുന്നതായി ആര്‍.ഡി.ഒ സബിന്‍ സമീദ് കണ്ടത്തെിയിരുന്നു. ചോലവനങ്ങള്‍ വെട്ടിത്തെളിച്ചും മലകള്‍ ഇടിച്ചുനിരത്തിയും ഭൂമാഫിയകള്‍ വന്‍കിട കെട്ടിടങ്ങള്‍ പണിയുന്നത് തടയാന്‍ കലക്ടറുടെ എന്‍.ഒ.സി അനിവാര്യമാക്കണമെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. 2010 ജനുവരിയില്‍ ഉണ്ടായ ഉത്തരവ് ബന്ധപ്പെട്ടവര്‍ ചെവിക്കൊണ്ടിരുന്നില്ല. തുടര്‍ന്ന് ദേവികുളം ആര്‍.ഡി.ഒ എട്ട് വില്ളേജുകളിലെ കൈയേറ്റങ്ങള്‍ കണ്ടത്തെി സ്റ്റോപ് മെമ്മോ നല്‍കാന്‍ വില്ളേജ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ താലൂക്കില്‍ ആയിരക്കണക്കിന് കൈയേറ്റങ്ങള്‍ നടന്നതായി സംഘം കണ്ടത്തെിയിട്ടുണ്ട്. പല വില്ളേജുകളിലും കൈയേറ്റ ഫയലുകള്‍ അലമാരയില്‍ താഴിട്ട് പൂട്ടിയിരിക്കുകയാണ്. വര്‍ഷങ്ങളായി താലൂക്കിലെ കൈയേറ്റങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും തുടര്‍നടപടി സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് സ്റ്റോപ് മെമ്മോകള്‍ നല്‍കിയിരുന്ന പല കെട്ടിടങ്ങളും ഇതിനകം പണി പൂര്‍ത്തിയാക്കി ഹോട്ടലുകളും ഹോംസ്റ്റേകളുമായി മാറി. മൂന്നാറിലെ സാധാരണക്കാര്‍ക്ക് കുടുംബസമേതം താമസിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച മൂന്നാര്‍ കോളനി, എ.സി കോളനികള്‍ എന്നിവിടങ്ങള്‍പോലും തെരഞ്ഞുപിടിച്ച് വന്‍കിട കെട്ടിടങ്ങള്‍ പണിയുകയാണ്. സ്വന്തം ഭൂമിയെന്ന് അവകാശപ്പെടാന്‍ റവന്യൂ വകുപ്പിന്‍െറ പേപ്പറുകള്‍ ഇല്ലാത്ത പല കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍നിന്ന് കെട്ടിട നമ്പറുകളും പെര്‍മിറ്റും നല്‍കി. പഞ്ചായത്തിലും റവന്യൂ ഓഫിസുകളിലും എത്തുന്ന ഇടനിലക്കാരുടെ സഹായത്തോടെ നടത്തിയ ക്രമക്കേടുകള്‍ക്ക് ചില ഉദ്യോഗസ്ഥരും സമ്മതം മൂളിയതാണ് ഇത്രയധികം കൈയേറ്റങ്ങള്‍ മേഖലയില്‍ ഉണ്ടാകാന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.