കോട്ടയം: തൊലിക്ക് സ്വര്‍ണനിറമുള്ളത് കൊണ്ടാണോ എന്നറിയില്ല, നേന്ത്രനടക്കം പഴങ്ങള്‍ക്കൊക്കെ പൊന്നുംവിലയാണ്. കഴിഞ്ഞ വര്‍ഷം സീസണിലുണ്ടായിരുന്നതിനെക്കാള്‍ മുന്നിരട്ടി വില നല്‍കിയാല്‍പോലും ഒരു കിലോ നേന്ത്രക്ക കിട്ടില്ല. ചെറുപഴങ്ങള്‍ക്കടക്കം പൊള്ളുന്ന വിലയാണ്. അതുകൊണ്ടുതന്നെ മിക്ക പഴക്കടകളിലും നേന്ത്രക്കുല കിട്ടാന്‍ പോലുമില്ല. കിലോക്ക് 63 രൂപയാണ് മൊത്തവിപണിയില്‍ നേന്ത്രന് വില. 70 മുതല്‍ 75 രൂപവരെയാണ് ചില്ലറവില. കഴിഞ്ഞ കര്‍ക്കടകത്തില്‍ കിലോക്ക് 22 രൂപയായിരുന്നു മൊത്തവിപണിയിലെ വില. നിലവില്‍ മൂന്നിരട്ടി വിലവര്‍ധന. ഇതുവരെ 20 രൂപക്ക് അപ്പുറം പോകാത്ത പാളയംകോടന് ചില്ലറവിപണിയില്‍ കിലോക്ക് 35 മുതല്‍ 40 രൂപവരെ കൊടുക്കണം. 30 രൂപയാണ് മൊത്തവിപണിയിലെ വില. 65 രൂപക്ക് മൊത്തവിപണിയില്‍ കിട്ടുന്ന ഞാലിപ്പൂവന് ചില്ലറ വിപണിയില്‍ 70 രൂപ കൊടുക്കണം. പൂവന് 60 രൂപയാണ് ചില്ലറവില. 26 രൂപ മൊത്തവിലയുള്ള റോബസ്റ്റക്ക് 30 രൂപയാണ് ചില്ലറവില. ഇതരസംസ്ഥാനത്തുനിന്ന് എത്തുന്ന നേന്ത്രപ്പഴങ്ങളായിരുന്നു കോട്ടയത്ത് പ്രധാനമായും എത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ തവണ വിലകിട്ടാത്തതിനെ തുടര്‍ന്ന് ചിങ്ങത്തിലേക്ക് വിളവെടുക്കാന്‍ പറ്റുന്ന തരത്തിലേക്ക് കൃഷി നീട്ടിയതിന് പുറമെ കൃഷിനാശവും കൂടിയായതോടെ സംസ്ഥാനത്തേക്ക് കുലയുടെ വരവ് കുറഞ്ഞു. നിലവില്‍ നാടന്‍കുലയും വയനാട്ടില്‍നിന്ന് വരുന്ന നേന്ത്രക്കുലകളും മാത്രമാണ് വിപണിയിലുള്ളത്. അതാണ് കര്‍ക്കടകത്തില്‍ ഇത്രയും അധികം വില കയറാന്‍ കാരണം. ചില്ലറ വിപണിയില്‍നിന്ന് പഴം വാങ്ങുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കിലും വില കൂടിയതിന്‍െറ ആഹ്ളാദത്തിലാണ് വാഴകര്‍ഷകരില്‍ ഏറെയും. ചിങ്ങം പുലരുന്നതോടെ വിലയും ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണവര്‍. അതേസമയം, ചിങ്ങത്തില്‍ വില കുറഞ്ഞേക്കുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍. വയനാടന്‍ കായ ആവശ്യത്തിന് കിട്ടാത്തത് ഉപ്പേരി വ്യാപാരികളെയും ബാധിച്ചിട്ടുണ്ട്. വില ഏറിയതോടെ കച്ചവടം തീരെ കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. പഴയിനങ്ങളില്‍ മുന്തിരിക്കാണ് വില കൂടുതല്‍. കമ്പത്ത് ആവശ്യത്തിന് മുന്തിരി ലഭിക്കാത്തതിനാല്‍ ബാംഗ്ളൂരില്‍നിന്ന് വരുന്ന കറുത്ത മുന്തിരിക്ക് 95 രൂപയാണ് മൊത്തവിപണി വില. 120ന് മുകളില്‍ ചില്ലറ വിപണിവില ഉയര്‍ന്നതോടെ മുന്തിരി എടുക്കാന്‍ കച്ചവടക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.