ഈരാറ്റുപേട്ട സംഘര്‍ഷം; പരിക്കേറ്റയാള്‍ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍

ഈരാറ്റുപേട്ട: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ കഴിഞ്ഞദിവസം സി.പി.എം പ്രവര്‍ത്തകന്‍ നസീറിന് മര്‍ദനമേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെ കേസെടുത്തതായി ഈരാറ്റുപേട്ട പൊലീസ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ കഴിയുന്ന നസീറിന് ബോധം തെളിയാത്തതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ഒരു ഡി.ടി.പി സെന്‍ററില്‍ നോട്ടീസ് അടിക്കുന്നതിനായി കെട്ടിടത്തിന്‍െറ രണ്ടാംനിലയില്‍ നില്‍ക്കുകയായിരുന്ന നസീറിനെ പിന്നില്‍നിന്ന് അക്രമിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിലെ സി.പി.എമ്മിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കുറെ നാളുകളായി ഒളിഞ്ഞും തെളിഞ്ഞും ഇരു ചേരികളായി തമ്മില്‍ വാക്കുപോരിലായിരുന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം ഭരണത്തിലേറിയപ്പോള്‍ നസീറിന് ദിവസവേതനത്തില്‍ ഗവ. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലിനല്‍കി. ഇത് എതിര്‍വിഭാഗത്തിന് രസിച്ചില്ല. ഇതിനിടെ ലോക്കല്‍ സെക്രട്ടറിക്ക് എതിരെ ഒരു പത്രത്തില്‍വന്ന വാര്‍ത്ത നസീര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിതരണം ചെയ്തു. പോസ്റ്ററും പതിപ്പിച്ചു. മുനിസിപ്പല്‍ ഭരണകാര്യങ്ങളില്‍ ലോക്കല്‍ സെക്രട്ടറി ഇടപെടുന്നത് ചെയര്‍മാനും മറ്റ് ഘടകകക്ഷികള്‍ക്കും എതിര്‍പ്പിനിടയാക്കിയിരുന്നു. ഇതിന്‍െറയൊക്കെ തുടര്‍ച്ചയാണ് സംഘര്‍ഷം എന്നും പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.