ജില്ലയില്‍ ഇനി ആരോഗ്യ സൗഹൃദ വിദ്യാര്‍ഥി സേനയും

കോട്ടയം: ഡെങ്കിപ്പനി നിയന്ത്രണ ഭാഗമായി ജില്ലയിലെ സ്കൂളുകളില്‍ ആരോഗ്യ സൗഹൃദ വിദ്യാര്‍ഥി സേന വരുന്നു. ഇവരുടെ നേതൃത്വത്തില്‍ കൊതുക് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ബോധവത്കരണപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ജില്ലയില്‍ വിദ്യാര്‍ഥി സേന രൂപവത്കരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. മുനിസിപ്പാലിറ്റികളില്‍ ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊതുക് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ നടത്തും. വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ നിരീക്ഷിച്ച് കൊതുകുകളുടെ ഉറവിടം നശിപ്പിക്കണം. രോഗപ്രതിരോധ നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പെട്ടെന്നുള്ള ശക്തിയായ പനിയും കഠിനമായ ശരീരസന്ധി വേദനയുമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ശക്തിയായ തലവേദന, കണ്ണിനു പിന്നില്‍ വേദന, ശരീരത്തില്‍ നിറമാറ്റത്തോടെ തടിപ്പുകള്‍, രക്തസ്രാവത്തിന്‍െറ ലക്ഷണങ്ങള്‍ തുടങ്ങിയ അനുബന്ധ ലക്ഷണങ്ങളോടെ മൂര്‍ച്ഛിച്ചാല്‍ വിദഗ്ധ ചികിത്സ തേടണം. പനി അധികരിക്കാതെയും നിര്‍ജലീകരണം ഉണ്ടാകാതെയും ശ്രദ്ധിക്കണം. നന്നായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കണം. സ്വയം ചികിത്സ ഒഴിവാക്കണം. ഒരാഴ്ചയിലധികം ശേഖരിക്കപ്പെടുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത്. ടയര്‍, ചിരട്ട, റബര്‍ മരങ്ങളില്‍ പാല്‍ ശേഖരിക്കുന്ന കപ്പുകള്‍, വലിച്ചെറിയപ്പെട്ടതോ അല്ലാത്തതോ ആയ പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ മഴവെള്ളം കെട്ടിക്കിടക്കാതെ ശേഖരിക്കുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യണം. ആവശ്യ ഘട്ടങ്ങളില്‍ ഫോഗിങ് നടത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.