അപകടമൊഴിയാതെ പാലാ-പൊന്‍കുന്നം റോഡ്: തേഞ്ഞുതീര്‍ന്ന ടയറും അമിത വേഗവും അപകട കാരണം

പൊന്‍കുന്നം: ഉന്നത നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ പാലാ-പൊന്‍കുന്നം റോഡില്‍ അപകടം തുടര്‍ക്കഥ. നവീകരണത്തിനുശേഷം റോഡിലുണ്ടായ വാഹനാപകടങ്ങളില്‍ ഇതുവരെ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. നാല്‍പതോളം അപകടങ്ങളിലായി നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വാഹനാപകടങ്ങള്‍ പതിവാകുന്നത് നാട്ടുകാരിലും യാത്രക്കാരിലും ഭീതി പരത്തുന്നുണ്ട്. തേഞ്ഞുതീര്‍ന്ന ടയറുകളുമായി അമിത വേഗത്തില്‍ ഓടുന്ന വാഹനങ്ങളാണ് ദിവസവും അപകടത്തില്‍പ്പെടുന്നതെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്‍െറ നിഗമനം. റോഡിന്‍െറ പ്രതലം മിനുസമേറിയതായതിനാല്‍ ബ്രേക്ക് പിടിക്കുന്നതോടെ വാഹനങ്ങള്‍ തെന്നി മറിഞ്ഞും ഇടിച്ചുമാണ് അപകടത്തില്‍പ്പെടുന്നത്. ഒരു ടയര്‍ മാത്രമാണ് തേഞ്ഞതെങ്കില്‍ പോലും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമെന്ന് ഇവര്‍ പറയുന്നു. റോഡിലെ മാര്‍ക്കിങ് ലൈനില്‍ മൊട്ട ടയറുകള്‍ കയറുമ്പോള്‍ അപകട സാധ്യത കൂടുതലാണ്. മഴയുള്ള സമയത്താണെങ്കില്‍ അപകട സാധ്യത ഇരട്ടിയാകും. കൂടാതെ, പരിശീലനക്കുറവും അമിതവേഗവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അനുവദനീയമായതിലും കൂടിയ വേഗത്തിലാണ് മിക്ക വാഹനങ്ങളും സഞ്ചരിക്കുന്നത്. പലരും ട്രാഫിക് നിയമങ്ങള്‍ പാലിക്കാറുമില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതാണ് മറ്റൊരു പ്രധാന കാരണം. പാതയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് ഇളങ്ങുളം ഭാഗത്താണ്. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡും ലൈറ്റും സ്ഥാപിച്ച് അമിത വേഗം നിയന്ത്രിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമാണ് പാലാ-പൊന്‍കുന്നം റോഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.