കോട്ടയം-ആലപ്പുഴ എ.സി ബോട്ട്് ആറു മാസത്തിനുള്ളില്‍ സര്‍വിസ് ആരംഭിക്കാന്‍ തീരുമാനം

കോട്ടയം: കോട്ടയം-ആലപ്പുഴ റൂട്ടില്‍ എ.സി ബോട്ട് സര്‍വിസ് ആരംഭിക്കും. ഇതിന്‍െറ ഭാഗമായി കോട്ടയം-ആലപ്പുഴ ജലപാതയിലെ തടസ്സങ്ങള്‍ ആറു മാസത്തിനുള്ളില്‍ നീക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു. ജലപാതയിലെ തടസ്സം നീങ്ങിയാലുടന്‍ സര്‍വിസ് തുടങ്ങാന്‍ തയാറാണെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി നായര്‍ യോഗത്തെ അറിയിച്ചു. കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വിസിന് പ്രധാന തടസ്സം അഞ്ച് തൂക്കുപാലങ്ങളാണെന്ന് യോഗം വിലയിരുത്തി. ചിലയിടങ്ങളില്‍ ചളിയടിഞ്ഞ് ബോട്ട് പോകാനാകാത്ത സ്ഥിതിയാണ്. പാലങ്ങള്‍ ഉയര്‍ത്താനും ചളി മാറ്റാനുമുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ എം.എല്‍.എ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കേരള ഇലക്ട്രിക് ആന്‍ഡ് അലൈഡ് ഡിപാര്‍ട്മെന്‍റിന്‍െറ (കെല്‍) ചുങ്കം 30ല്‍ചിറയിലുള്ള തൂക്കുപാലം, നാടകരി, 16ല്‍ചിറ, പാറേച്ചാല്‍, കാഞ്ഞിരംചിറ എന്നീ പാലങ്ങളാണ് ഉയര്‍ത്തേണ്ടത്. ഉയരക്കുറവുമൂലം ബോട്ടിന്‍െറ മുകള്‍ ഭാഗം തട്ടുന്നതിനാല്‍ ദീര്‍ഘനാളായി ഇതുവഴി സര്‍വിസ് നടത്താറില്ല. കെല്ലിന്‍െറ പാലം ഉയര്‍ത്താനുള്ള വൈദ്യുതീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ബാക്കി പാലങ്ങള്‍ അറ്റകുറ്റപ്പണി നടത്താനുള്ള എസ്റ്റിമേറ്റ് ആദ്യഘട്ടത്തില്‍ തയാറാക്കും. ആഴക്കുറവുള്ള ഭാഗങ്ങളില്‍ ഇറിഗേഷന്‍ വകുപ്പ് ഡ്രഡ്ജിങ് നടത്തും. അഞ്ചു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാം പരിഹരിച്ച് ആറു മാസത്തിനുള്ളില്‍ ബോട്ട് സര്‍വിസ് തുടങ്ങണമെന്നും യോഗം തീരുമാനിച്ചു. കോടിമത-ചന്തക്കടവ് കനാലിലെ പോള മാറ്റി നീരൊഴുക്ക് വരുത്താനും യോഗത്തില്‍ തീരുമാനമായി. 50,000 രൂപയാണ് ഇതിനായി ചെലവിടുക. തിങ്കളാഴ്ച പോള മാറ്റല്‍ ആരംഭിക്കാനും തീരുമാനിച്ചു. കോടിമത പാലം നിര്‍മാണത്തിന്‍െറ ഭാഗമായി കൊടൂരാറ്റില്‍ തടയണകള്‍ നിര്‍മിച്ചതോടെ കോടിമത-ചന്തക്കടവ് കനാലില്‍ പോളനിറഞ്ഞിരിക്കുകയാണ്. ഇതോടെ നീഴൊഴുക്ക് നിലക്കുകയും മഴ ശക്തമാകുന്നതോടെ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതും പതിവായി. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയതിനെ തുടര്‍ന്നാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം കൊടൂരാറ്റില്‍ നാഗമ്പടത്തെ തടയണകള്‍ പൊളിച്ചുമാറ്റി കനാലിലെ പോള മാറ്റാന്‍ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.