അല്‍ത്താഫിനുവേണ്ടി നാട്ടുകാര്‍ കൈകോര്‍ത്തു; നാലു മണിക്കൂര്‍കൊണ്ട് സ്വരൂപിച്ചത് 13.4 ലക്ഷം

ചങ്ങനാശേരി: ഇരുവൃക്കയും തകരാറിലായ അല്‍ത്താഫിന്‍െറ ചികിത്സാ ചെലവിനായി നാട്ടുകാര്‍ കൈകോര്‍ത്തപ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒഴുകിയത്തെിയത് കാരുണ്യത്തിന്‍െറ പെരുംകടല്‍. ഹിദായത്ത് നഗര്‍ നടുതലമുറിപ്പറമ്പില്‍ വീട്ടില്‍ സെയ്ഫുദ്ദീന്‍െറ മകന്‍ അല്‍ത്താഫിന്‍െറ (19) വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഞായറാഴ്ച രാവിലെ മുതല്‍ നടന്ന ഫണ്ട് ശേഖരണം അക്ഷരാര്‍ഥത്തില്‍ സുമനസ്സുകളുടെ കാരുണ്യവര്‍ഷമായി മാറി. അല്‍ത്താഫ് ചികിത്സാ സഹായസമിതി ആഭിമുഖ്യത്തില്‍ നഗരസഭ 12, 13, 14, 28, 29 വാര്‍ഡുകളിലായി ജനപ്രതിനിധികളുടെയും സാമൂഹിക രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തില്‍ രാവിലെ എട്ടു മുതല്‍ 12വരെ നടത്തിയ ഫണ്ട് ശേഖരണത്തില്‍ സ്വരൂപിച്ചത് 13,49,543 രൂപ. നേരത്തേ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ലഭിച്ചതും സമിതി നേതാക്കളെ നേരിട്ട് ഏല്‍പിച്ച തുകയും ചേര്‍ത്ത് ഞായറാഴ്ച മാത്രമായി ആകെ 15,92,000 രൂപ ചങ്ങനാശേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അല്‍ത്താഫ് ചികിത്സാ സമിതിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ചതായി രക്ഷാധികാരി എസ്. മുഹമ്മദ് ഫുവാദ്, ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.എ. നസീര്‍, ചെയര്‍മാന്‍ എച്ച്. മുസമ്മില്‍ ഹാജി എന്നിവര്‍ അറിയിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി 23ന് അഡ്മിറ്റാകുന്ന അല്‍ത്താഫിന്‍െറ കുടുംബത്തിന് പ്രതീക്ഷയും ആശ്വാസവുമായി ജനകീയ കൂട്ടായ്മയുടെ പ്രവര്‍ത്തനം. ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി 25 ലക്ഷത്തോളം രൂപയുടെ ചെലവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ മുഴുവന്‍ തുകയും സ്നേഹനിധികളായ ജനം നല്‍കി ഫണ്ട് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് ചികിത്സാ സഹായ സമിതിക്ക് നേതൃത്വം നല്‍കുന്നവര്‍ പ്രതീക്ഷിക്കുന്നത്. മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ വാര്‍ഡുകളില്‍ ചികിത്സ സഹായനിധി സ്വരൂപിക്കുന്നതിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.