പാലാ റിവര്‍വ്യൂ റോഡ് രണ്ടാംഘട്ടത്തിന് നടപടി തുടങ്ങി

പാലാ: നഗരത്തിലെ പ്രധാന സമാന്തരപാതയായ റിവര്‍വ്യൂ റോഡിന്‍െറ കൊട്ടാരമറ്റത്തേക്കുള്ള രണ്ടാംഘട്ട പദ്ധതി തയാറാക്കാനുള്ള വിദഗ്ധ പരിശോധനാ നടപടികള്‍ക്ക് തുടക്കമായി. പൊതുമരാമത്ത് എന്‍ജിനീയറിങ് വിഭാഗത്തിലെ ഇന്‍വെസ്റ്റിഗേഷന്‍, ഡിസൈന്‍, ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം (ഡ്രിഗ്) യൂനിറ്റാണ് ഇവിടെ പ്രത്യേക പരിശോധനക്കായി എത്തിച്ചേര്‍ന്നിരിക്കുന്നത്. റിവര്‍വ്യൂ റോഡിന്‍െറ ഒന്നാംഘട്ടത്തില്‍ ഉണ്ടായ ന്യൂനതകള്‍ ഈ പുതിയ പാതയില്‍ ഉണ്ടാകാതിരിക്കാനാണ് ആറ്റുതീരത്തുള്ള പുതിയ പാത നവീന മാതൃകയില്‍ നിര്‍മിക്കുന്നത്. ഒന്നാംഘട്ട റോഡ് നിരവധിതവണ താഴുകയും തീരം ഇടിയുകയും ചെയ്തതുമൂലം പരിപാലന ചെലവുകള്‍ വര്‍ധിച്ചു. ജനറല്‍ ആശുപത്രി ഭാഗത്തുനിന്ന് കൊട്ടാരമറ്റം വരെ 1100 മീറ്റര്‍ നീളത്തിലാണ് റിവര്‍വ്യൂ റോഡ് നീട്ടുന്നത്. 47.50 കോടിയാണ് നിര്‍മാണച്ചെലവ് കണക്കാക്കിയത്. മുന്‍ ധനമന്ത്രി കെ.എം. മാണി ഈ പദ്ധതിക്കാവശ്യമായ തുകക്ക് ഭരണാനുമതി നല്‍കിയിരുന്നു. ഒമ്പത് ഭൂവുടമകളില്‍നിന്ന് ഭൂമി ഏറ്റെടുത്താണ് പുതിയ പാതക്ക് സ്ഥലം കണ്ടത്തെിയത്. ഒരുവിധ തര്‍ക്കങ്ങളുമില്ലാതെ ഭൂവുടമകള്‍ സ്ഥലം വിട്ടുകൊടുത്ത് സഹകരിച്ചതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇത് നേട്ടമായി. ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 14കോടി നല്‍കി. ഹെല്‍ത്ത് വാക്വേയോടെ നിര്‍മിക്കുന്ന റോഡ് എന്ന പ്രത്യേകതയും ഈ റോഡിനുണ്ട്. സുരക്ഷിതമായ പ്രഭാതസവാരി സാധ്യമാക്കാനാണ് വാക്വേ കൂടി നിര്‍മിക്കുന്നത്. ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ വീതിയിലാണ് വാക്വേ നിര്‍മിക്കുക. മീനച്ചിലാര്‍ കരകവിഞ്ഞാലും വെള്ളം കയറാത്തവിധവും 12 മീറ്റര്‍ ടാറിങ് വീതിയോടെ റോഡ് നിര്‍മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. നഗരത്തിന്‍െറ സ്വപ്നപദ്ധതിയായ റിവര്‍വ്യൂ റോഡിന്‍െറ അവസാനഘട്ട രൂപകല്‍പന പൂര്‍ത്തിയാക്കുന്നതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് കെ.എം. മാണി എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.