കോട്ടയം: വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ ഉള്‍പ്പടെ വിവിധ വിഭാഗത്തില്‍പെട്ടവരെ പങ്കെടുപ്പിച്ച് ജില്ലയില്‍ പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കൃഷിവകുപ്പ് 413.14 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. വീട്ടുവളപ്പില്‍ പച്ചക്കറികൃഷി ചെയ്യാന്‍ 25 രൂപ വിലയുള്ള 1,70,000 കിറ്റ് വിത്ത് കൃഷിഭവന്‍ മുഖേന വിതരണം ചെയ്യും. 57 ലക്ഷം രൂപ ചെലവില്‍ നഗരകൃഷി വികസിപ്പിക്കും. 3200 കുടുംബങ്ങള്‍, 48 സ്ഥാപനങ്ങള്‍, 32 വിദ്യാലയങ്ങള്‍ എന്നിവക്ക് പച്ചക്കറികൃഷി ചെയ്യാന്‍ 15 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കും. 210 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ ഗ്രൂപ്പുകള്‍ മുഖേന കൃഷിചെയ്യാന്‍ 4000 രൂപ വീതം നല്‍കും. 45 സ്കൂളുകളില്‍ ജലസേചന സൗകര്യം തുടങ്ങാന്‍ 4.5 ലക്ഷം രൂപയും സഹായം നല്‍കും. 50 സെന്‍റ് സ്ഥലത്ത് കൃഷിചെയ്യാന്‍ താല്‍പര്യമുള്ള സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കും. ഇതിനായി 17 ലക്ഷം രൂപയുടെ പദ്ധതിയാണുളളത്. 50 പച്ചക്കറി വികസന ക്ളസ്റ്ററുകള്‍ മുഖേന 250 ഹെക്ടറില്‍ കൃഷിചെയ്യാന്‍ 37.5 ലക്ഷം രൂപ സഹായം നല്‍കും. പമ്പ് സെറ്റ്, കൃഷിഭൂമി, സസ്യസംരക്ഷണ ഉപകരണങ്ങള്‍ എന്നിവ വാങ്ങാനും ക്ളസ്റ്ററുകള്‍ക്ക് സഹായം നല്‍കും. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 47 ക്ളസ്റ്ററുകള്‍ക്ക് ഒരു ലക്ഷം രൂപവീതം റിവോള്‍വിങ് ഫണ്ട് നല്‍കും. 13.5 ലക്ഷം രൂപ വിനിയോഗിച്ച് 450 ഹെക്ടര്‍ തരിശുനിലത്ത് പച്ചക്കറികൃഷി ആരംഭിക്കും. സൂക്ഷ്മ ജലസേചനത്തോടൊപ്പം വളപ്രയോഗം നടത്താന്‍ 100 യൂനിറ്റുകള്‍ക്ക് 30,000 രൂപ വീതവും മഴമറകള്‍ സ്ഥാപിച്ച് കൃഷിചെയ്യാന്‍ 55 ലക്ഷം രൂപയും സഹായം നല്‍കും. ഓണക്കാലത്ത് ന്യായവില ഉറപ്പുവരുത്താന്‍ പഴം-പച്ചക്കറികള്‍ കര്‍ഷകരില്‍നിന്ന് ന്യായവിലയ്ക്ക് വാങ്ങി സംഭരിക്കും. ഇവ ഗുണഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ കൃഷിവകുപ്പ് നേരിട്ടും കൃഷിഭവന്‍, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, ആത്മ വിപണി, എ ഗ്രേഡ് ക്ളസ്റ്റര്‍, ഇക്കോഷോപ് എന്നിവ മുഖേന 89 പച്ചക്കറി വിപണികളും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.