മുല്ലപ്പെരിയാര്‍: തമിഴ്നാടിന്‍െറ ‘മിനുക്കുപണി’ അന്വേഷിക്കും –ജലവിഭവ വകുപ്പ്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലത്തിന് അഭിമുഖമായ ഭാഗത്തെ ദ്വാരങ്ങളും വിള്ളലുകളും സിമന്‍റ് ഗ്രൗട്ട് ഉപയോഗിച്ച് തമിഴ്നാട് അധികൃതര്‍ അടച്ചത് പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് അണക്കെട്ടിന്‍െറ ചുമതലയുള്ള ജലവിഭവ വകുപ്പ് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അണക്കെട്ടില്‍ അറ്റകുറ്റപ്പണിയുടെ മറവില്‍ ദ്വാരങ്ങളും വിള്ളലുകളും അടച്ചത് ‘മാധ്യമം’ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജലനിരപ്പ് താഴ്ന്നതോടെ പ്രത്യക്ഷപ്പെട്ട വിള്ളലുകള്‍ ബോട്ടിലത്തെിയാണ് അടച്ചത്. അണക്കെട്ടിന്‍െറ പിന്‍ഭാഗത്തെ ചോര്‍ച്ചകള്‍ മുമ്പ് പലതവണ കേരളത്തിന്‍െറ എതിര്‍പ്പ് മറികടന്ന് തമിഴ്നാട് അധികൃതര്‍ അടച്ചിരുന്നു. ഇതാദ്യമായാണ് ജലത്തിനഭിമുഖമായ ഭാഗത്ത് മിനുക്കുപണി നടത്തുന്നത്. സംഭവം അന്വേഷിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജലവിഭവ വകുപ്പ് എക്സി. എന്‍ജിനീയറും മുല്ലപ്പെരിയാര്‍ ഉപസമിതി അംഗവുമായ ജോര്‍ജ് ദാനിയേല്‍ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മിനുക്കുപണി നടത്തിയ ഭാഗം വെള്ളത്തിനടിയിലായെന്നും സംശയിക്കുന്നു. അണക്കെട്ടില്‍ കേരളത്തെ അറിയിക്കാതെ തമിഴ്നാട് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉന്നതാധികാര സമിതിയുടെ പരിഗണനയില്‍ കൊണ്ടുവരും. ഈമാസം 15ന് ശേഷം നടക്കുന്ന ഉപസമിതി യോഗത്തിലും സന്ദര്‍ശനവേളയിലും ദ്വാരങ്ങളും വിള്ളലുകളും അടച്ചത് പരിശോധിക്കുമെന്നും ജോര്‍ജ് ദാനിയേല്‍ പറഞ്ഞു. ഇതിനിടെ, തമിഴ്നാട് ബലപ്പെടുത്തല്‍ ജോലികള്‍ക്ക് നീക്കം നടത്തുന്ന ബേബിഡാമിന് പരിസരത്തെ മരങ്ങള്‍ ഉണങ്ങുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മരങ്ങളില്‍ ഒരെണ്ണം ജൂണില്‍ ഉണങ്ങി വീണിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.