വൈക്കം റോഡിലെ പാത ഇരട്ടിപ്പിക്കല്‍: പാളം ഉറപ്പിക്കല്‍ അവസാനഘട്ടത്തിലേക്ക്

കടുത്തുരുത്തി: കോട്ടയം-എറണാകുളം റെയില്‍പാത ഇരട്ടിപ്പിക്കലിന്‍െറ ഭാഗമായ വൈക്കം റോഡിലെ പാളമുറപ്പിക്കല്‍ അവസാനഘട്ടത്തില്‍ എത്തി. കുറുപ്പന്തറ മുതല്‍ പിറവം വരെ 13 കിലോമീറ്റര്‍ ആണ് കമീഷന്‍ ചെയ്യുന്നതിന് പണി പൂര്‍ത്തീകരിച്ചുവരുന്നത്. വൈക്കം റോഡിലെ രണ്ടും മൂന്നും പാളത്തിന്‍െറ കാര്യക്ഷമത ഉറപ്പുവരുന്നതിനായി റെയില്‍വേയുടെ പ്രത്യേക യന്ത്രത്തോടുകൂടിയ ട്രെയിന്‍ പാളത്തിലൂടെ ഓടിച്ചു. ജൂണ്‍ ആദ്യവാരത്തില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നുവെങ്കിലും ചതുപ്പ് പ്രദേശമായതിനാല്‍ കൂടുതല്‍ ഉറപ്പുവരുത്തുന്നതിനായി മെഷീന്‍ പലതവണ ഓടിക്കുകയായിരുന്നു. വൈക്കം റോഡ് സ്റ്റേഷനില്‍ നിരവധി നവീകരണ പ്രവര്‍ത്തനങ്ങളും റെയില്‍വേ നടത്തിവരുകയാണ്. പുതിയ പ്ളാറ്റ്ഫോം, നടപ്പാലം, ഓഫിസ് സമുച്ചയം, പാര്‍ക്കിങ് ഷെഡുകള്‍ എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. റെയില്‍പാതയിലെ വൈദ്യുതീകരണ ജോലികളാണ് പൂര്‍ത്തിയാകാനുള്ളത്. ജൂലൈ അവസാനത്തോടെ മുഖ്യസുരക്ഷാകമീഷണറുടെ പരിശോധനക്കുശേഷം ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്ന് ചീഫ് എന്‍ജിനീയര്‍ പി. മൊയ്തീന്‍കുട്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.