തൊടുപുഴ: രോഗങ്ങളാല്‍ ദുരിതംപേറി കഴിഞ്ഞവരുടെ മുഖത്ത് ഗ്രൗണ്ടിലിറങ്ങിയതോടെ കണ്ടത് പുതുജീവനായിരുന്നു. പലരും മത്സരാവേശത്തോടെ കളിക്കളത്തിലേക്കിറിങ്ങി. വീല്‍ചെയറും പരസഹായവുമൊക്കെ ഉണ്ടായിരുന്നെങ്കിലും വിജയമായിരുന്നു ഇവരുടെ ലക്ഷ്യം. ചിലര്‍ പരിമിതികളിലും തങ്ങളാലാകുന്നത് ചെയ്തു. വേദനകളാലും വിഷമങ്ങളിലും വീടിന്‍െറ അകത്തളങ്ങളില്‍ കഴിഞ്ഞവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഈ കലാ-കായിക മേള സ്വപ്ന നിമിഷങ്ങളാണ് സമ്മാനിച്ചത്. പാലിയേറ്റിവ് കെയര്‍ രോഗികള്‍ക്കായി ഇടുക്കി ജില്ലാ ആരോഗ്യവകുപ്പ് പാലിയേറ്റിവ് കെയര്‍ യൂത്ത് മൂവ്മെന്‍റിന്‍െറ നേതൃത്വത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ സംഘടിപ്പിച്ച ‘ഫീനിക്സ് 2016’ കലാ-കായികമേളയാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത്. വീല്‍ചെയര്‍ രോഗികളുടെ പുരുഷവിഭാഗം വീല്‍ ചെയര്‍ ഓട്ടത്തോടെ ശനിയാഴ്ചയാണ് മേളക്ക് തിരിതെളിഞ്ഞത്. സംസ്ഥാന വനിതാ കമീഷന്‍ അംഗം ഡോ. ജെ. പ്രമീളദേവി ഫ്ളാഗ് ഓഫ് ചെയ്തു. നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരക്ക് കീഴ്പ്പോട്ട് ചലനശേഷി നഷ്ടപ്പെട്ടവര്‍, പോളിയോ ബാധിതര്‍, അംഗവൈകല്യം സംഭവിച്ചവര്‍, കാന്‍സര്‍ പോലുള്ള രോഗബാധിതര്‍, പ്രായമായവര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ കലാ-കായിക മേളയില്‍ മാറ്റുരക്കുന്നുണ്ട്. വീല്‍ചെയര്‍ ഓട്ടം, വീല്‍ചെയര്‍ റിലെ, ബാസ്കറ്റ് ബാള്‍ ഷൂട്ടിങ്, ഷട്ട്ല്‍ ബാഡ്മിന്‍റണ്‍, ഷോട്പുട്ട്, പഞ്ചഗുസ്തി, കാരംസ്, ചെസ്, മോക്ക് ഗെയിംസ്, മോണോ ആക്ട്, മിമിക്രി, ലളിതഗാനം, പദ്യപാരായണം, ചിത്രരചന, കഥാരചന, കവിതാരചന തുടങ്ങി നിരവധി മത്സര ഇനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീല്‍ചെയറില്‍ ഇരുന്നുകൊണ്ടുതന്നെ ചെയ്യാവുന്ന രീതിയിലാണ് മത്സരയിനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കായിക മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് കാഷ് പ്രൈസും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും കലാമത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് കാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കായികമേളയില്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ ജയിക്കുന്നവര്‍ക്ക് ചാമ്പ്യന്‍പട്ടവും കലാമേളയില്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് കലാപ്രതിഭ, കലാതിലക പട്ടവും പ്രത്യേക പ്രോത്സാഹന സമ്മാനവും നല്‍കും. ഏറ്റവും കൂടുതല്‍ രോഗികളെ പങ്കെടുപ്പിക്കുന്ന പാലിയേറ്റിവ് കെയര്‍ യൂനിറ്റിനും ഏറ്റവും കൂടുതല്‍ പോയന്‍റ് ലഭിക്കുന്ന യൂനിറ്റിനും സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും നല്‍കും. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.ആര്‍. ഉമാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. വാത്തിക്കുടി പഞ്ചായത്ത് പി.കെ. രാജു, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിനി ജോഷി, ന്യൂമാന്‍ കോളജ് ബര്‍സാര്‍ ഫാ. തോമസ് പൂവത്തിങ്കല്‍, പാലിയേറ്റിവ് ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. സുരേഷ് വര്‍ഗീസ്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ടി.സി. ജയകുമാര്‍, പാലിയേറ്റിവ് നോഡല്‍ ഓഫിസര്‍ ഡോ. മിനി മോഹന്‍, ഡോ. പ്രിന്‍സ് പാലമറ്റം, സി. അല്‍ഫോന്‍സ, പാലിയേറ്റിവ് ജില്ലാ കോഓഡിനേറ്റര്‍ സിജോ വിജയന്‍, കോഴ്സ് കോഓഡിനേറ്റര്‍ പി.കെ. ഉഷാകുമാരി, മിഥുന്‍ മനോഹര്‍, ലിഫിന്‍ ഈപ്പച്ചന്‍, പി.കെ. സജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച രാവിലെ ഒമ്പതിന് രണ്ടാംദിനത്തിലെ മത്സരങ്ങള്‍ ആരംഭിക്കും. രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എം.പി, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.