കോട്ടയം: ഓണത്തിന് വിളവെടുക്കല്‍ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ കാര്‍ഷിക പുനരാവിഷ്കരണത്തിന് ജില്ലയില്‍ തുടക്കം കുറിക്കും. ഒമ്പത്, പത്ത് തീയതികളില്‍ അയല്‍ക്കൂട്ടങ്ങളില്‍ വിത്തുപാകല്‍ സംഘടിപ്പിച്ചാണ് കുടുംബശ്രീയുടെ 18ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുക. 78 കുടുംബശ്രീ സി.ഡി.എസിലെയും അയല്‍ക്കൂട്ട ബാലസഭയിലെ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി മൂന്ന് സെന്‍റ് ഭൂമിയില്‍ വീതം പച്ചക്കറി കൃഷി ഇറക്കി 450 ഏക്കര്‍ സ്ഥലത്ത് കൃഷി നടത്താനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഒരു അയല്‍ക്കൂട്ടം രണ്ട് ഫലവൃക്ഷത്തൈകളും ഒരു കറിവേപ്പിന്‍തൈയും അന്ന് നടും. പഞ്ചായത്ത് തലങ്ങളില്‍ പദ്ധതിയുടെ മേല്‍നോട്ടം തദ്ദേശ സ്ഥാപനങ്ങള്‍, വാര്‍ഡ് അംഗങ്ങള്‍, കൃഷി ഓഫിസര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, മെംബര്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയുടെ നേതൃത്വത്തിലായിരിക്കും. കാര്‍ഷിക മേളകള്‍, കാര്‍ഷികോത്സവം, വിവിധ സെമിനാറുകള്‍, കൃഷി അടിസ്ഥാനമാക്കി കലാപരിപാടികള്‍ എന്നിവ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിക്കും. ശുദ്ധജലം, മാലിന്യസംസ്കരണം, വൃത്തിയുള്ള പരിസരം, നല്ല ജീവിത ശൈലി, നല്ല ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പഞ്ചശീല കാര്‍ഷിക ആരോഗ്യ സംസ്കാരം വളര്‍ത്തുക ലക്ഷ്യമിട്ട് കുടുംബശ്രീ മിഷന്‍ സംസ്ഥാനത്തെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലൂടെയും നടത്തുന്ന കാമ്പയിനാണിത്. പദ്ധതിയുടെ നടത്തിപ്പിന് ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രക്ഷാധികാരിയും കലക്ടര്‍ ചെയര്‍മാനുമായി സംഘാടകസമിതി രൂപവത്കരിച്ചു. കൃഷി, ആരോഗ്യം, ശുചിത്വം, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ഇന്‍ഫര്‍മേഷന്‍, സോയില്‍ സര്‍വേ, വി.എഫ്.പി.സി കെ, കെ.വി.കെ, ജില്ലാ കൃഷിഫാം കോഴ, ആത്മ എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരെ സംഘാടകസമിതി കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.