നാഗമ്പടം മേല്‍പാലം: ഒരാഴ്ചക്കകം തീരുമാനമെടുക്കാന്‍ നിര്‍ദേശം

കോട്ടയം: നാഗമ്പടം റെയില്‍വേ മേല്‍പാലം അടിയന്തര അറ്റകുറ്റപ്പണി സംബന്ധിച്ച് ഒരാഴ്ചക്കകം കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ എ.ഡി.എം അജന്താകുമാരി നിര്‍ദേശിച്ചു. മേല്‍പാലം അറ്റകുറ്റപ്പണിക്കായി അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എമ്മാണ് കൗണ്‍സില്‍ ചേരാന്‍ നിര്‍ദേശിച്ചത്. അപകടക്കെണിയായി മാറിയ മേല്‍പാലം അറ്റകുറ്റപ്പണിക്കായി ശനിയാഴ്ച ഉച്ചയോടെ അടച്ചിരുന്നു. തകര്‍ച്ചയെ നേരിടുന്ന പാലത്തിന് അറ്റകുറ്റപ്പണിയെക്കാള്‍ നവീകരണമാണ് ആവശ്യമെന്നും പാലം കൊണ്ടു റെയില്‍വേക്കു വരുമാനമൊന്നും ലഭിക്കുന്നില്ളെന്നിരിക്കേ നഗരസഭ പണം മുടക്കണമെന്നുമായിരുന്നു റെയില്‍വേയുടെ നിലപാട്. ഇത് അംഗീകരിക്കാന്‍ നഗരസഭ തയാറാകാതെ വന്നതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. പാലത്തിന്‍െറ പല ഭാഗങ്ങളും അടര്‍ന്നു തുടങ്ങിയിരിക്കുകയാണ്. റെയില്‍വേ ലൈനും ട്രെയിനുകളും കടന്നുപോകുന്ന പാലത്തിനു മുകളിലുള്ള ഭാഗത്തുണ്ടാകുന്ന ചെറിയ അപകടം പോലും വന്‍ ദുരന്തത്തിനു കാരണമാകുമെന്ന് അധികൃതര്‍ പറയുന്നു. പാലത്തിന്‍െറ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു 28 ലക്ഷം രൂപയോളം ചെലവു വരുമെന്നാണു റെയില്‍വേയുടെ കണക്ക്. ഇത്രയും പണം നല്‍കണമെങ്കില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് അനുമതി നല്‍കണം. ഇതേതുടര്‍ന്നാണു പത്തിനകം യോഗം ചേരാന്‍ തീരുമാനിച്ചത്. പാലം അടഞ്ഞുതന്നെ കിടക്കുമെന്നും അറ്റകുറ്റപ്പണി കഴിഞ്ഞദിവസം തന്നെ ആരംഭിച്ചുവെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ചെറിയ അറ്റകുറ്റപ്പണി കൊണ്ടു പരിഹരിക്കാവുന്നതല്ല പാലത്തിലെ പ്രശ്നമെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. അതേസമയം, സ്ഥലത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പൊലീസ് അധികൃതര്‍ക്ക് എ.ഡി.എം നിര്‍ദേശം നല്‍കി. എ.ഡി.എമ്മിന്‍െറ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭക്കുവേണ്ടി സെക്രട്ടറി ഇന്‍ചാര്‍ജ് പി.പി. മോഹനന്‍, നഗരസഭാ അസി. എന്‍ജിനീയര്‍ ജയിംസ് ജോസഫ്, സതേണ്‍ റെയില്‍വേ സെക്ഷന്‍ എന്‍ജീനിയര്‍ വി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.