തൊടുപുഴ: ആദിവാസികളുടെ മണ്‍മറഞ്ഞ കൃഷിസമ്പ്രദായങ്ങള്‍ വീണ്ടെടുക്കാനുള്ള സംരംഭവുമായി വനംവകുപ്പ്. ആദിവാസി സമൂഹങ്ങള്‍ പണ്ടുകാലങ്ങളില്‍ കൃഷിചെയ്തിരുന്നതും ഇന്നു പ്രചാരത്തിലില്ലാത്തതുമായ വിത്തിനങ്ങള്‍ കണ്ടത്തെി പരമ്പരാഗത രീതിയില്‍ കൃഷിചെയ്യുന്നതാണ് ‘പുനര്‍ജീവനം’ എന്ന പേരിലുള്ള പദ്ധതി. പുതിയ ഭക്ഷണശീലങ്ങളിലേക്ക് വഴിമാറിയ ആദിവാസികളെ ഗതകാല കാര്‍ഷിക സംസ്കാരത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ലക്ഷ്യം. ആനമുടി വനംവികസന ഏജന്‍സിയുടെ കീഴില്‍ നടപ്പാക്കുന്ന ‘പുനര്‍ജീവന’ത്തിന് ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തായണ്ണന്‍കുടി കോളനിയില്‍ തുടക്കമായി. ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് ആദ്യമാണ്. തിനയും ചാമയുമടക്കം ഒൗഷധഗുണമേറിയ 14 വ്യത്യസ്ത ഇനം ധാന്യങ്ങള്‍ ആദിവാസികളുടെ പഴയ തലമുറ കൃഷിചെയ്തിരുന്നു. എന്നാല്‍, നിലവില്‍ ഇവയില്‍ രണ്ടിനങ്ങള്‍ മാത്രമാണ് കൃഷിചെയ്യുന്നത്. പരമ്പരാഗത കൃഷിരീതികളില്‍നിന്ന് ആദിവാസികള്‍ പിന്മാറിയതോടെ അത്തരം വിത്തിനങ്ങള്‍ ഉപയോഗിക്കാതായി. അരിയാഹാരമാണ് ഇവരുടെയും മുഖ്യഭക്ഷണം. ജീവിതശൈലിയിലെ മാറ്റം അതുവരെയില്ലാതിരുന്ന രോഗങ്ങളെ ആദിവാസി കുടികളിലേക്ക് ക്ഷണിച്ചുവരുത്തി. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ 11 കുടികളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ ഭൂരിഭാഗം പേര്‍ക്കും പ്രമേഹവും രക്തസമ്മര്‍ദവും അള്‍സറും കണ്ടത്തെിയിരുന്നു. രാവിലെയും വൈകീട്ടും ചോറും ഇതിനിടയില്‍ കട്ടന്‍ചായയും മാത്രം കഴിക്കുന്നതാണ് ഇവരുടെ ശീലം. തുടര്‍ന്നാണ് ആദിവാസികളുടെ പരമ്പരാഗത കൃഷി തിരിച്ചുകൊണ്ടുവരാനുള്ള സംരംഭത്തിന് വനംവകുപ്പ് മുന്നിട്ടിറങ്ങിയതെന്ന് മൂന്നാര്‍ വന്യജീവി വാര്‍ഡന്‍ ജി. പ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യം കുടികള്‍ സന്ദര്‍ശിച്ച് പച്ചമുട്ടി, പൂവന്‍റാഗി, കരിമുട്ടി, തൊങ്കല്‍, നീലക്കണ്ണി, ശിരിഗേപ തുടങ്ങി ഏഴിനം പരമ്പരാഗത വിത്തുകള്‍ ശേഖരിച്ചു. ഇവയാണ് തായണ്ണന്‍കുടി കോളനിയിലെ 14 സെന്‍റ് സ്ഥലത്ത് വിതച്ചത്. ആദിവാസികളുടെ തനത് പച്ചക്കറിയും ഇതിനൊപ്പം കൃഷിചെയ്യുന്നുണ്ട്. ജൈവ കൃഷിയുടെ മേല്‍നോട്ടവും പരിപാലനവും വിളവെടുപ്പുമെല്ലാം ആദിവാസികള്‍ തന്നെ. സാമ്പത്തികമായ മുതല്‍മുടക്കില്ല. വിളവെടുപ്പിനുശേഷം വിത്തുമഹോത്സവം സംഘടിപ്പിച്ച് വിത്തുകള്‍ വിതരണം ചെയ്യാനും പദ്ധതി മറ്റ് കോളനികളിലേക്കും വ്യാപിപ്പിക്കാനുമാണ് തീരുമാനം. ഇതിന് കൃഷിവകുപ്പിന്‍െറ സഹായവും തേടും. അരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആദിവാസികള്‍ ഉപയോഗിച്ചിരുന്ന വിത്തിനങ്ങളില്‍ കാത്സ്യത്തിന്‍െറയും മറ്റു ധാതുക്കളുടെയും അളവ് 300 ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. കാന്തല്ലൂരില്‍ തരിശായിക്കിടക്കുന്ന 25 ഏക്കറോളം സ്ഥലത്തും ഇടമലക്കുടിയിലേക്കും ഭാവിയില്‍ പദ്ധതി കൃഷി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.