കോട്ടയം: നഗരമധ്യത്തിലെ ശീമാട്ടി റൗണ്ടാനക്കുമുകളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ആകാശപാതക്കെതിരെ ചിലഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ശക്തമാകുമ്പോഴും തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് നിര്‍മാണം മുടങ്ങിയത്. ഈ ഭാഗത്തെ വൈദ്യുതി ലൈനുകള്‍ മാറ്റിസ്ഥാപിച്ചാല്‍ മാത്രമേ തുടര്‍നടപടി കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ലൈനുകള്‍ ഭൂമിക്കടിയിലൂടെയാക്കാനാണ് തീരുമാനം. ലൈനുകള്‍ മാറ്റിയാലുടന്‍ നിര്‍മാണജോലി പുനരാരംഭിക്കും. തൂണുകളുടെ നിര്‍മാണമാകും നടക്കുക. ഭരണമാറ്റം പദ്ധതിയെ ബാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. ഈ ഭാഗത്തെ വൈദ്യുതി ലൈനുകള്‍ മാറ്റാന്‍ നടപടി ആരംഭിച്ചതായി കെ.എസ്.ഇ.ബി അധികൃതരും അറിയിച്ചു. ലൈനുകള്‍ ഭൂമിക്കടിയിലൂടെ ആക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇതിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ജോലി ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു. അതിനിടെ, റൗണ്ടാന പൊളിച്ചുനീക്കി പകരം ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. നഗരത്തിലെ ഗതാഗത തടസ്സത്തിനുള്ള പ്രധാന കാരണം റൗണ്ടാനയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ശീമാട്ടി റൗണ്ടാനയുടെ നിര്‍മാണഘട്ടത്തില്‍ അതിനെ എതിര്‍ത്തവരില്‍ ഒരാളാണ് ഇപ്പോഴത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍. സമാനനിലപാടില്‍തന്നെയാണ് ഇപ്പോഴും അദ്ദേഹം. റൗണ്ടാനയുടെ വീതി കുറക്കണമെന്നാണ് അദ്ദേഹത്തിന്‍െറ നിലപാട്. നേരത്തേ ആകാശപാത നിര്‍മാണത്തിനെതിരെ ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. അവരും ആകാശപാത അപ്രായോഗികമാണെന്ന നിലപാടിലാണുള്ളത്. അതേസമയം, സംസ്ഥാനത്തെ ആദ്യത്തേതെന്ന പേരില്‍ തുടക്കംകുറിച്ച ആകാശപാതയുടെ നിര്‍മാണം മുടങ്ങിയത് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്. ആകാശപാത നിര്‍മാണത്തിന് നിലവിലുണ്ടായിരുന്ന റൗണ്ടാന പൊളിക്കുകയും തൂണിന് കുഴികള്‍ എടുക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ജോലി നിലക്കുകയായിരുന്നു. ഇതിന്‍െറ ഭാഗമായ കുഴികള്‍ ഇപ്പോള്‍ അപകടക്കെണിയായിരിക്കുകയാണ്. റോഡിനോട് ചേര്‍ന്നാണ് കുഴിയുള്ളത്. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റൗണ്ടാനയുടെ ചുറ്റുമുള്ള റോഡ് തകര്‍ന്നത് ഗതാഗതത്തെയും ബാധിക്കുന്നു. നഗരത്തിന് അലങ്കാരമായി നിലനിന്നിരുന്ന റൗണ്ടാന ഇപ്പോള്‍ നിര്‍മാണസാമഗ്രികള്‍ നിറഞ്ഞ കാടുകയറിയ സ്ഥലമായി. യു.ഡി.എഫ് സര്‍ക്കാറാണ് അഞ്ചുറോഡുകള്‍ സംഗമിക്കുന്ന സ്ഥലത്ത് ആകാശപാതയെന്ന പദ്ധതിയുമായി രംഗത്ത് എത്തിയത്. കാല്‍നടക്കാര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കാനാണ് പദ്ധതിയെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇതിനെതിരെ അന്നുതന്നെ വിമര്‍ശം ഉന്നയിച്ചിരുന്നു. ചില വന്‍കിട വ്യാപാരികളെ സഹായിക്കാനാണ് പദ്ധതിയെന്നായിരുന്നു പ്രധാന ആക്ഷേപം. രണ്ട് എലിവേറ്ററോടുകൂടിയ ആകാശപാതയില്‍ ഇരിക്കാന്‍ ബെഞ്ചുകള്‍, പൊലീസ് എയ്ഡ്പോസ്റ്റ്, ചെറുകിട സ്റ്റാളുകള്‍ എന്നിവയും വിഭാവനം ചെയ്തിരുന്നു. വൈ-ഫൈ അടക്കമുള്ള സൗകര്യങ്ങളുണ്ടാകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. സ്റ്റീല്‍, പി.വി.സി, പോളികാര്‍ബണേറ്റ് തുടങ്ങിയ ഭാരം കുറഞ്ഞ വസ്തുക്കള്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നതിനാല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നും കരുതിയിരുന്നു. പദ്ധതിക്കായി ഗതാഗത കമീഷണര്‍ ചെയര്‍മാനായി കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനുമുമ്പ് ആരംഭിച്ച പദ്ധതിയുടെ നിര്‍മാണം ആഴ്ചകള്‍ കഴിഞ്ഞതോടെ നിലക്കുകയായിരുന്നു. അതേസമയം, പുതിയ സര്‍ക്കാറിന് പദ്ധതിയോട് താല്‍പര്യമില്ളെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.