കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ അഞ്ച് കോടിയുടെ പദ്ധതി

കോട്ടയം: മുനിസിപ്പല്‍ പ്രദേശത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ അഞ്ച് കോടിയുടെ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചു. ശനിയാഴ്ച നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ യു.വി. ജോസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞമാസം ചേര്‍ന്ന സമിതി തീരുമാനപ്രകാരം വാട്ടര്‍ അതോറിറ്റി കോട്ടയം പി.എച്ച് ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറാണ് പദ്ധതി തയാറാക്കിയത്. പഴയ കോട്ടയം പട്ടണത്തിന്‍െറ ഭാഗങ്ങളിലും കുമാരനല്ലൂര്‍, നാട്ടകം പ്രദേശങ്ങളിലും പ്രയോജനം ലഭിക്കും. പദ്ധതിക്ക് അടിയന്തര അനുമതി നേടുന്നതിനുള്ള നടപടി സംബന്ധിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ അധ്യക്ഷതയില്‍ ഫെബ്രുവരി ആറിന് കലക്ടറേറ്റില്‍ യോഗം ചേരും. വരള്‍ച്ച നേരിടാന്‍ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഒരു കോടിയുടെ പദ്ധതിയില്‍ ഫെബ്രുവരി 10നകം പൂര്‍ത്തിയാക്കാന്‍ പറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലാ ആസൂത്രണസമിതിക്ക് ആസ്ഥാനമന്ദിരം നിര്‍മിക്കാന്‍ കണ്ടത്തെിയ സ്ഥലത്ത് പൊലീസ് സൂക്ഷിച്ചിട്ടുള്ള പഴയ വാഹനങ്ങളും മറ്റും നീക്കംചെയ്ത് സ്ഥലം ഒഴിവാക്കിനല്‍കണമെന്ന് പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പായല്‍ നിറഞ്ഞ് നീരൊഴുക്ക് നഷ്ടപ്പെട്ട ചാലുകളും തോടുകളും വൃത്തിയാക്കി നീരൊഴുക്ക് പുന$സ്ഥാപിക്കുന്നതിനുള്ള നടപടി തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അറിയിച്ചു. ഈരാറ്റുപേട്ട പ്രാഥമികാരോഗ്യകേന്ദ്രം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ് തയാറാക്കി നല്‍കും. ചങ്ങനാശേരി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, തിരുനക്കര മൈതാനം, നാഗമ്പടം എന്നിവിടങ്ങളിലും സ്കൂളുകളുടെ പരിസരങ്ങളിലും കഞ്ചാവ് വില്‍പന വ്യാപകമായി നടക്കുന്നതില്‍ സമിതി ഉത്കണ്ഠ രേഖപ്പെടുത്തി. എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. പരീക്ഷക്കാലം അടുത്തുവരുന്ന സാഹചര്യത്തില്‍ വൈദ്യുതിമുടക്കം വരുത്താതെ ശ്രദ്ധിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതരോട് സമിതിയില്‍ പങ്കെടുത്ത അഡ്വ. ഫില്‍സണ്‍ മാത്യൂസ് ആവശ്യപ്പെട്ടു. കലക്ടറേറ്റിലെ ഓഫിസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. ഓരോ ഓഫിസിലും അനുവര്‍ത്തിച്ച ശുചിത്വരീതികള്‍ ശുചിത്വ മിഷന്‍െറ നേതൃത്വത്തില്‍ പരിശോധിക്കും. ഓഫിസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ടൗണ്‍ പ്ളാനിങ് ജില്ലാ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്കും വാടകക്കാര്‍ക്കും നല്‍കാനുള്ള പണം ഫെബ്രുവരി 15നകം നല്‍കണമെന്ന് ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. തരിശുഭൂമിരഹിത കോട്ടയം പദ്ധതി ഫെബ്രുവരി ഏഴിന് പനച്ചിക്കാട്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ശുചിത്വം ഉറപ്പുവരുത്താനുള്ള പദ്ധതിക്ക് ഫെബ്രുവരി 14 നും തുടക്കംകുറിക്കും. മീനച്ചിലാറിന്‍െറ സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്താനുളള പ്രത്യേക പദ്ധതിക്ക് യോഗത്തില്‍ പങ്കെടുത്ത ഡോ. ജയരാജ് എം.എല്‍.എ ‘വേനല്‍തുള്ളി’ എന്ന നാമകരണവും നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ എ.ഡി.എം മോന്‍സി പി. അലക്സാണ്ടര്‍, പ്ളാനിങ് ഓഫിസര്‍ ടെസ് പി. മാത്യു, ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ ടി.എം. റഷീദ്, ഡെപ്യൂട്ടി കലക്ടര്‍ (ട്രെയ്നി) ജയമോഹന്‍, വിവിധ വകുപ്പുകളുടെ മേലുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.