അപ്രോച്ച് റോഡിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധം

ചങ്ങനാശേരി: ഫാത്തിമാപുരം റെയില്‍വേ മേല്‍പാലത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധം. അപ്രോച്ച് റോഡിന്‍െറ ടാറിങ് നടത്താതെയാണ് നവംബറില്‍ പാലം താല്‍ക്കാലികമായി ഗതാഗതത്തിന് തുറന്നുനല്‍കിയത്. ഇപ്പോള്‍ മെറ്റലും പൂഴിമണ്ണും നിറഞ്ഞ ഈ റോഡിലൂടെ യാത്ര ദുരിതമായിരിക്കുകയാണ്. മേല്‍പാലത്തിന്‍െറ ഒരുഭാഗത്തെ അപ്രോച്ച് റോഡിന്‍െറ വീതി കൂട്ടുന്നതിനായി മേല്‍പ്പാലത്തോടു ചേര്‍ന്നുള്ള ആറു സ്വകാര്യ വ്യക്തികളുടെ ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍െറ പൂര്‍ണമായുമുള്ള തുക റെയില്‍വേ സംസ്ഥാന റവന്യൂ വകുപ്പിനു മാസങ്ങള്‍ക്കു മുമ്പേ കൈമാറിയിരുന്നു. എന്നാല്‍, ഈ തുക റവന്യൂ വകുപ്പ് ഭൂവുടമകള്‍ക്ക് നല്‍കിയിട്ടില്ല. നടപടിക്രമങ്ങളിലെ കാലതാമസമാണ് ഇതിനുകാരണമായി റവന്യൂ വകുപ്പ് അധികൃതര്‍ പറയുന്നത്. വിഷയം ചര്‍ച്ചചെയ്യുന്നതിനായി കലക്ടര്‍ തിങ്കളാഴ്ച യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. തര്‍ക്കം പരിഹരിച്ച് ഫാത്തിമാപുരം പാലത്തിന്‍െറ തുടര്‍നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ചില്ളെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. പാലം തുടര്‍നിര്‍മാണം വൈകുന്നതില്‍ വാര്‍ഡ് കൗണ്‍സിലര്‍ അന്നമ്മ രാജു ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രതിഷേധിച്ചു. നഗരസഭാംഗങ്ങളായ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ഷംന സിയാദ്, എസ്.എച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സിറിള്‍ ചേപ്പില, എസ്.എച്ച് റെസിഡന്‍റ്സ് അസോ. പ്രസിഡന്‍റ് പി.എസ്. ശ്രീധരന്‍, രാജു ചാക്കോ, സിയാദ് അബ്ദുല്‍ റഹ്മാന്‍, തോമസുകുട്ടി കുരിശിങ്കല്‍പ്പറമ്പില്‍, സാബു മാളിയേക്കല്‍, ലാലു സെബാസ്റ്റ്യന്‍, കുര്യന്‍ കുരിശിങ്കല്‍പ്പറമ്പില്‍, സുരേഷ് മുരിങ്ങവന എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.