പൈനാപ്പിളിനും വിലയിടിഞ്ഞു

കുറവിലങ്ങാട്: റബറിന് പിന്നാലെ പൈനാപ്പിളിന്‍െറയും വിലയിടിഞ്ഞതോടെ കര്‍ഷകര്‍ കടുത്തപ്രതിസന്ധിയില്‍. കര്‍ഷകര്‍ക്ക് വന്‍തിരിച്ചടിയായാണ് പൈനാപ്പ്ള്‍ വില കുത്തനെയിടിഞ്ഞത്. വടക്കേ ഇന്ത്യയിലേക്കുള്ള കയറ്റിവിടുന്നത് കുറഞ്ഞതും മികച്ച വിളവുണ്ടായതുമാണ് പൈനാപ്പ്ള്‍ വിലയിടിവിന് പ്രധാനകാരണം. എ ഗ്രേഡ് പൈനാപ്പിളിന് 13-14 രൂപ മാത്രമാണു മൊത്തവിലയെന്ന് കര്‍ഷകര്‍ പറയുന്നു. ബി ഗ്രേഡ് പൈനാപ്പിളിന് ലഭിക്കുന്നതാകട്ടെ, ഇതിന്‍െറ പകുതിവിലയും. മുമ്പ് ശരാശരി 25 മുതല്‍ 30 രൂപ വരെയായിരുന്നു എ ഗ്രേഡ് പൈനാപ്പിളിന് ലഭിച്ചിരുന്നത്. ഇതാണിപ്പോള്‍ പകുതിയായി കുറഞ്ഞിരിക്കുന്നത്. ഓറഞ്ച്, ആപ്പിള്‍, തണ്ണിമത്തന്‍, മുന്തിരി അടക്കമുള്ള മറ്റ് പഴവര്‍ഗങ്ങള്‍ വിപണി കൈയടിക്കിയതും വിലയിടിവിന് കാരണമാണ്. ഇതോടൊപ്പം പൈനാപ്പ്ള്‍ വിളവെടുപ്പ് വര്‍ധിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് കൂടുതലായും കുറവിലങ്ങാട് അടക്കമുള്ള മേഖലകളില്‍നിന്ന് പൈനാപ്പ്ള്‍ കയറ്റി അയച്ചിരുന്നത്. എന്നാല്‍, ഇവിടെയെല്ലാം മറ്റ് പഴങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിച്ചുതുടങ്ങിയതോടെ പൈനാപ്പ്ള്‍ ഉപഭോഗം കുറയുകയായിരുന്നു. ഇതുമൂലം അതത് സംസ്ഥാനങ്ങളിലെ വ്യാപാരികള്‍ പൈനാപ്പ്ള്‍ വാങ്ങുന്നതില്‍നിന്ന് പിന്‍വലിഞ്ഞു. ഉല്‍പാദന ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കനത്ത നഷ്ടമാണ് നേരിടുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. വന്‍ തുക പാട്ടമായും വളത്തിനും നല്‍കുന്നതിനുപുറമെ പണിക്കൂലിയായും നല്ളൊരു തുക മുടക്കേണ്ടിവന്നു. ഇത്തരത്തില്‍ തുകമുടക്കി കൃഷിചെയ്യുമ്പോള്‍ കിലോക്ക് കുറഞ്ഞത് 20 രൂപക്ക് മുകളില്‍ ലഭിച്ചില്ലങ്കില്‍ നഷ്ടമാണെന്ന് കര്‍ഷകര്‍ പറയുന്നു. പൈനാപ്പ്ള്‍ വില കുറഞ്ഞുതന്നെ നില്‍ക്കുന്നതു കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. റബര്‍ മേഖലയിലുണ്ടായിട്ടുള്ള പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് കര്‍ഷകര്‍ പൈനാപ്പ്ള്‍ കൃഷിയിലേക്ക് തിരിഞ്ഞത്. റബര്‍ റീപ്ളാന്‍റ് ചെയ്യുന്ന സ്ഥലങ്ങളില്‍ പൈനാപ്പ്ള്‍ കൃഷി നടത്തി ഉപജീവനമാര്‍ഗം നടത്തുകയാണ് പലരും ചെയ്യുന്നത്. ഇതിനുപുറമെ മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിനെടുത്തു പൈനാപ്പ്ള്‍ കൃഷിചെയ്യുന്നവരുമുണ്ട്. റബര്‍തൈ വെച്ച് മൂന്നുവര്‍ഷം വളര്‍ത്തിനല്‍കുകയാണ് പാട്ടക്കൂലിയായി പലരും ചെയ്യുന്നത്. ഒരുമാസം ഒന്നരലക്ഷം ടണ്‍ പൈനാപ്പ്ള്‍ സംസ്ഥാനത്ത് വിളവെടുക്കുന്നുവെന്നാണ് കണക്ക്. വിലയിടിവുമൂലം കോടികളുടെ വരുമാനനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍നിന്ന് പൈനാപ്പ്ള്‍ വാങ്ങുന്ന ഉപഭോക്താവിന് ഈ വിലക്കുറവിന്‍െറ ആനുകൂല്യം ലഭിക്കുന്നില്ളെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.