തെരുവുനായ ശല്യം: ഇരയാകുന്ന കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

തൊടുപുഴ: സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റ് ചികിത്സ തേടിയത്തെുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും സാമ്പത്തിക സഹായവും നല്‍കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ ശിപാര്‍ശ. ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ നടപടി. ആരോഗ്യ-കുടുംബ ക്ഷേമ സെക്രട്ടറി, റവന്യൂ സെക്രട്ടറി, തദ്ദേശ സെക്രട്ടറി, കൃഷി മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, ഡി.ജി.പി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവരുള്‍പ്പെടെ 15 പേരാണ് എതിര്‍കക്ഷികള്‍. ചികിത്സ തേടിയത്തെുന്ന കുട്ടികള്‍ക്ക് വാക്സിനേഷന് പുറമെ ഓപറേഷന്‍, പ്ളാസ്റ്റിക് സര്‍ജറി തുടങ്ങിയ മറ്റ് വിദഗ്ധ ചികിത്സ ആവശ്യമായാല്‍ അതിനുള്ള ചെലവും പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കണം. പരിക്കേറ്റ കുട്ടിക്ക് ചുരുങ്ങിയത് 5000 രൂപയും വ്യാപ്തിക്കനുസരിച്ച് കൂടുതല്‍ തുകയും ലഭ്യമാക്കണം. നായകളെ അലക്ഷ്യമായി അഴിച്ചുവിടുകയും കുട്ടികളെ ഉപദ്രവിക്കാന്‍ ഇടവരികയും ചെയ്താല്‍ ഉടമകള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണം. ഇക്കാര്യം കാണിച്ച് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും ഡി.ജി.പി നിര്‍ദേശം നല്‍കണമെന്നും ശിപാര്‍ശയിലുണ്ട്. നായകളുടെ വിഹാരമുള്ള സ്ഥലങ്ങളില്‍ അതിന്‍െറ ഭവിഷ്യത്തും നിയമനടപടിയും സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്കൂള്‍ പരിസരങ്ങള്‍, പ്രധാന ജങ്ഷനുകള്‍, ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് പ്രദേശങ്ങള്‍, ബസ്സ്റ്റാന്‍ഡ്, ആശുപത്രികള്‍, ഹോട്ടല്‍ പരിസരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി പുറപ്പെടുവിക്കണം. തെരുവുനായകളെ വെറ്ററിനറി സര്‍ജന്‍െറ നിര്‍ദേശമനുസരിച്ച് വന്ധ്യംകരണം നടത്തുക, പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തുക, എല്ലാ വളര്‍ത്തു നായ്ക്കള്‍ക്കും ലൈസന്‍സ് നല്‍കി എന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഇടുക്കിയില്‍ മൂന്നാര്‍, പീരുമേട് അടക്കമുള്ള പ്രദേശങ്ങളില്‍ കുട്ടികള്‍ വ്യാപകമായി തെരുവുനായകളുടെ ആക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളുടെയും അവകാശം സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കമീഷന് മുമ്പാകെ പരാതി ബോധിപ്പിച്ചത്. ശിപാര്‍ശകളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് 30 ദിവസത്തിനുള്ളില്‍ കമീഷന് ലഭിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.