ഏഴുവര്‍ഷമായി വേ ബ്രിഡ്ജ് തകരാറില്‍

കുമളി: സംസ്ഥാന അതിര്‍ത്തിയില്‍ വന്‍ നികുതി വെട്ടിപ്പിന് വഴിയൊരുക്കുന്ന വേ ബ്രിഡ്ജ് തകരാറിന് പിന്നില്‍ അധികൃതര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായ പൊലീസ് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറ കത്ത് ജില്ലാ കലക്ടറേറ്റില്‍ മുക്കി. ഇന്‍റലിജന്‍സ് എ.ഡി.ജി.പി രഹസ്യം എന്ന് രേഖപ്പെടുത്തി 2014 നവംബര്‍ 13ന്് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്താണ് നടപടി സ്വീകരിക്കാതെ മുക്കിയത്. കുമളി ടൗണിനോട് ചേര്‍ന്ന് വില്‍പന നികുതി ഓഫിസിന് സമീപമാണ് വേ ബ്രിഡ്ജ് സ്ഥാപിച്ചത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കത്തിലെ നികുതി വെട്ടിപ്പ് തടയുകയായിരുന്നു വേ ബ്രിഡ്ജിന്‍െറ പ്രധാന ലക്ഷ്യം. എന്നാല്‍, മാസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ച വേ ബ്രിഡ്ജ് 2009 നവംബര്‍ 12ന് നിലക്കുകയായിരുന്നു. ഇതിനുപിന്നില്‍ വന്‍കിട ഏലം വ്യാപാരികളുടെ പങ്ക് സംബന്ധിച്ച് അന്നേ സംശയം ഉയര്‍ന്നിരുന്നു. വേ ബ്രിഡ്ജ് തകരാറിലായതോടെ വലിയ ലോറികളിലും മറ്റ് വാഹനങ്ങളിലും കൊണ്ടുപോകുന്ന ചരക്കുകളുടെ യഥാര്‍ഥ തൂക്കം അറിയാന്‍ വഴിയില്ലാതായി. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്ക് വാഹനങ്ങളുടെ എണ്ണവും കുമളി വഴി വര്‍ധിച്ചു. 2012 ജൂലൈ 15 ന് ലോറിയുടെ രഹസ്യ അറക്കുള്ളില്‍ വെച്ച് കേരളത്തിലേക്ക് കടത്തുകയായിരുന്ന അമോണിയം നൈട്രേറ്റ് എന്ന സ്ഫോടക വസ്തു പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു. തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്ന സ്ഫോടക വസ്തു ചെക്കുപോസ്റ്റ് വഴി കടത്തുന്നതിനിടയിലാണ് പിടികൂടിയത്. ഇതിനുപിന്നാലെയാണ് വേ ബ്രിഡ്ജ് പ്രവര്‍ത്തനം നിലച്ചതുസംബന്ധിച്ച് ഇന്‍റലിജന്‍സ് അന്വേഷണം നടത്തിയത്. വേ ബ്രിഡ്ജ് ഇല്ലാത്തതിനാല്‍, കാലിയായി വരുന്ന ചരക്കുലോറികള്‍ കാര്യമായി പരിശോധിക്കാറില്ല. ഇങ്ങനെ കാലിയായി എത്തിയ ലോറിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് സ്ഫോടക വസ്തു കടത്താന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്തേക്ക് സ്ഫോടകവസ്തു ഉള്‍പ്പെടെ പലതും കടത്തിയിരിക്കുമെന്നുള്ള നിഗമനത്തിലാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഇതിനെതുടര്‍ന്നാണ് വേ ബ്രിഡ്ജ് അടിയന്തരമായി ശരിയാക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും നടപടി ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.