ജീവനക്കാര്‍ അച്ചടക്കത്തോടെ ജോലിചെയ്യാന്‍ ബാധ്യസ്ഥരെന്ന് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമീഷന്‍ ചെയര്‍മാന്‍

കോട്ടയം: പൊതുജന പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ഉത്തരവാദിത്വത്തോടും അച്ചടക്കത്തോടും ജോലിചെയ്യാന്‍ ബാധ്യസ്ഥരാണെന്ന് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജി ഡോ. പി.എന്‍. വിജയകുമാര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച നടന്ന കമീഷന്‍ അദാലത്തില്‍ മുന്‍സിപ്പാലിറ്റി സാനിറ്റേഷന്‍ ജോലിക്കാരനായ ടി.കെ. മോഹനന്‍െറ പരാതി പരിഗണിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുനിസിപ്പാലിറ്റി കോമ്പൗണ്ടിനകത്ത് ബൈക്ക് ഇടിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്തി കുറ്റക്കാരനെതിരെ പട്ടികജാതി-വര്‍ഗ പിഡന നിരോധ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോട്ടയം ഡിവൈ.എസ്.പിക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. ചമ്പക്കര സര്‍വിസ് സഹകരണ ബാങ്കില്‍ 17 വര്‍ഷമായി ജോലിചെയ്യുന്ന കെ.ടി. മോഹനന്‍ തന്‍െറ അക്കൗണ്ടില്‍ അടച്ച തുക സൊസൈറ്റി സെക്രട്ടറി വ്യാജരേഖകള്‍ ഉണ്ടാക്കി മറ്റൊരാളുടെ പേരില്‍ മാറ്റിവെച്ച് വഞ്ചിച്ചെന്ന പരാതിയും എത്തി. കേസില്‍ പട്ടികജാതി-വര്‍ഗ പിഡന നിരോധ നിയമത്തിലെ പ്രസക്തമായ വകുപ്പ് അന്വേഷണത്തിനിടെ ഒഴിവാക്കി കേസ് രജിസ്റ്റര്‍ ചെയ്തത് പ്രതികള്‍ക്ക് അന്യായമായ ഇളവുകള്‍ നേടാന്‍ സഹായിച്ചതായി കമീഷന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെ ഒഴിവാക്കിയ വകുപ്പ് പ്രകാരം പുനരന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കൊട്ടാരഭാഗം സ്വദേശി സെല്‍വിയെയും ഭര്‍ത്താവിനെയും ജോലികഴിഞ്ഞ് മടങ്ങിവരുമ്പോള്‍ തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പിക്കുകയും പരാതിക്കാരിയുടെ ശരീരത്തില്‍ സ്പര്‍ശിച്ച് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തെന്ന കേസിലും വ്യവസ്ഥകള്‍ പാലിക്കാതെ കേസെടുത്ത പൊലീസ് നടപടിയെയും കമീഷന്‍ അദാലത്തില്‍ ശക്തമായി വിമര്‍ശിച്ചു. ഈകേസും കോടതിയുടെ അനുമതിയോടെ പുനരന്വേഷണം നടത്താന്‍ ഉത്തരവിട്ടു. 80 കേസുകള്‍ പരിഗണിച്ച അദാലത്തില്‍ 33 കേസുകള്‍ക്ക് തീര്‍പ്പുകല്‍പിച്ചു. 26 പുതിയ പരാതികളും സ്വീകരിച്ചു. കമീഷനംഗങ്ങളായ എഴുകോണ്‍ നാരായണന്‍ അഡ്വ. കെ.കെ. മനോജ് എന്നിവരും ഉണ്ടായിരുന്നു. പാലാ, കോട്ടയം ആര്‍.ഡി.ഒമാരായ സി.കെ. പ്രകാശ്, കെ.എസ്. സാവിത്രി, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ കെ.കെ. ശാന്തമണി, ഐ.ടി.ഡി.പി ഓഫിസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, കമീഷന്‍ അസി. രജിസ്ട്രാര്‍ സി.കെ. വിനോദ്, സെക്ഷന്‍ ഓഫിസര്‍മാരായ റീനാ, സുധീര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.