തീര്‍ഥാടന കാലത്തെ മാലിന്യങ്ങള്‍ നീക്കാന്‍ ‘ക്ളീന്‍ എരുമേലി’

എരുമേലി : തീര്‍ഥാടനകാലത്ത് എരുമേലി ടൗണിലും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ നീക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും അയ്യപ്പഭക്ത സംഘടനകളുടെയും നാഷനല്‍ സര്‍വിസ് സ്കീമിന്‍െറയും മറ്റും സഹകരണത്തോടെ ‘ക്ളീന്‍ എരുമേലി’ നടപ്പാക്കുന്നു. ശനിയാഴ്ച പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 23ന് ശുചിത്വ കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ ശുചിത്വ മിഷന്‍ അധികാരികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സമുദായ സന്നദ്ധ സംഘടനാ ഭാരവാഹികള്‍, നാഷനല്‍ സര്‍വിസ് സ്കീം പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ശുചീകരണം എരുമേലി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍നിന്ന് തുടങ്ങി റേഞ്ച് ഓഫിസ് വരെയുള്ള ഭാഗങ്ങളും കൊച്ചമ്പലം, നൈനാര്‍ മസ്ജിദ്, വലിയമ്പലം, പാര്‍ക്കിങ് മൈതാനം തുടങ്ങിയവയുടെ പരിസര പ്രദേശങ്ങളിലും പൂര്‍ത്തിയാക്കും. എരുമേലി ടൗണും പരിസര പ്രദേശങ്ങളും ശുചിയാക്കാന്‍ എരുമേലി എം.ഇ.എസ് കോളജിലെയും എരുമേലി സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ സേവനം ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. അയ്യപ്പസേവാ സമാജത്തിന്‍െറ നേതൃത്വത്തില്‍ 19ന് എരുമേലിയില്‍ ശുചിത്വ യജ്ഞം സംഘടിപ്പിക്കുമെന്ന് അയ്യപ്പസേവാ സമാജം ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.