ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ‘പരിധിക്കു പുറത്ത് ’

കുറവിലങ്ങാട്: എം.സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തകരാറിലായ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ളുകളുടെ അറ്റകുറ്റപ്പണി അനന്തമായി നീളുന്നത് ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളെ വലക്കുന്നു. കുറവിലങ്ങാട്, പട്ടിത്താനം, മോനിപ്പള്ളി മേഖലകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സംവിധാനം തകരാറിലായിട്ട് ദിവസങ്ങളായി. പരാതികളുമായി ഉപഭോക്താക്കള്‍ സമീപിക്കുമ്പോള്‍ ഉടന്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇതുകേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായെന്ന് നാട്ടുകാരും പറയുന്നു. പട്ടിത്താനം മുതല്‍ കോഴാ വരെയുള്ള റോഡ് നവീകരണത്തിന്‍െറ ആദ്യഘട്ട ജോലി നടന്നപ്പോള്‍ മുപ്പതിലേറെ തവണയാണ് കേബ്ളുകള്‍ മുറിഞ്ഞത്. ആഴ്ചകളോളം ലാന്‍ഡ് ഫോണുകളും ഇന്‍റര്‍നെറ്റ് സംവിധാനവും നിശ്ചലമായിരുന്നു. പരാതികള്‍ക്കൊടുവില്‍ ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവ നന്നാക്കിയത്. എന്നാല്‍, കഴിഞ്ഞദിവസം മോനിപ്പള്ളിയില്‍ വീണ്ടും ഒ.എഫ്.സി കേബ്ള്‍ മുറിഞ്ഞു. മുറിഞ്ഞ കേബ്ളുകള്‍ കൂട്ടിയോജിപ്പിച്ച് നടത്തുന്ന അറ്റകുറ്റപ്പണിയെക്കുറിച്ച് വ്യാപകമായ പരാതിയും ഉയര്‍ന്നിട്ടുണ്ട്. താല്‍ക്കാലികമായി നടത്തുന്ന അറ്റകുറ്റപ്പണിക്കുശേഷം മൂടുന്ന കേബ്ളുകളിലൂടെ കൃത്യമായ സിഗ്നലുകള്‍ ലഭിക്കുന്നില്ളെന്നാണ് പരാതി. പട്ടിത്താനം മുതല്‍ പൂര്‍ണമായും പുതിയ കേബ്ളുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. റോഡ് നവീകരണത്തിന് കരാര്‍ എടുത്തിരിക്കുന്ന കമ്പനി ബി.എസ്.എന്‍.എല്‍ അധികൃതരെ വിവരമറിയിക്കാതെ റോഡ് കുഴിക്കുന്നതാണ് പലപ്പോഴും കേബ്ളുകള്‍ മുറിയാന്‍ വഴിയൊരുക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് മുറിഞ്ഞ കേബ്ളുകള്‍ കൂട്ടിയോജിപ്പിക്കാന്‍ ദിവസങ്ങളെടുക്കുന്നതിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.