തലയോലപ്പറമ്പ് പെണ്‍പള്ളിക്കൂടം @50

കോട്ടയം: തലയോലപ്പറമ്പ് എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണജൂബിലി ആഘോഷം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന സുവര്‍ണജൂബിലി വിളംബരഘോഷയാത്ര പാലാ ഡിവൈ.എസ്.പി സുനീഷ് ബാബു ഫ്ളാഗ്ഓഫ് ചെയ്യും. ഞായറാഴ്ച വൈകീട്ട് നാലിന് ചേരുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ. അജിത് എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍ഡോവ്മെന്‍റ് ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശും വെബ്സൈറ്റ് ഉദ്ഘാടനം ജോസ് കെ. മാണി എം.പിയും നിര്‍വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് എന്നിവര്‍ സംസാരിക്കും. സ്വാതന്ത്ര്യസമര സേനാനിയും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന എം.എ. ജോണിന്‍െറ നാമധേയത്തില്‍ തുടക്കമിട്ട പെണ്‍പള്ളിക്കൂടത്തിന്‍െറ ശിലാസ്ഥാപനം അന്നത്തെ മുഖ്യമന്ത്രി ആര്‍. ശങ്കറും ഉദ്ഘാടനം കോണ്‍ഗ്രസ് പ്രസിഡന്‍റ് കാമരാജുമാണ് നിര്‍വഹിച്ചത്. കേന്ദ്രമന്ത്രി ഫക്രുദ്ദീന്‍ അലി അഹമ്മദായിരുന്നു അധ്യക്ഷന്‍. 1999ലാണ് ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ ആരംഭിച്ചത്. ജീര്‍ണാവസ്ഥയിലായ പഴയകെട്ടിടം ചോര്‍ന്നൊലിച്ച് മഴവെള്ളം ക്ളാസ്മുറിയില്‍ കെട്ടിനില്‍ക്കുന്ന സ്ഥിതിയാണ്. കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടും ആവശ്യമായ കുടിവെള്ളസ്രോതസ്സും മതിയായ മൂത്രപ്പുരയുമില്ല. ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഹയര്‍ സെക്കന്‍ഡറിക്ക് പുതിയകെട്ടിടം, ഹൈസ്കൂള്‍ കെട്ടിടത്തിന്‍െറ പുനരുദ്ധാരണം, ഡിജിറ്റല്‍ ലൈബ്രറി, കമ്പ്യൂട്ടര്‍ലാബ്, സയന്‍സ് ലാബ് എന്നിവ ആവശ്യമാണ്. എസ്.എസ്.എല്‍.സിക്ക് തുടര്‍ച്ചയായി 100 ശതമാനം വിജയം, പ്ളസ്ടുവിന് 90ശതമാനം വിജയം, കലാ-കായിക ശാസ്ത്രമേളയിലും മികച്ചനേട്ടം എന്നിവയാല്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയാണ്. ഒരുവര്‍ഷം നീളുന്ന വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്‍റ് എം.എസ്. തിരുമേനി, പ്രിന്‍സിപ്പല്‍ കെ. ശ്രീകല, ഹെഡ്മിസ്ട്രസ് ഇ.എസ്. ശ്രീലത, കണ്‍വീനര്‍ ഇ.ആര്‍. നടേശന്‍വര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.