കക്കയുടെ ലഭ്യത കുറഞ്ഞു; ജീവിതം വഴിമുട്ടി തൊഴിലാളികള്‍

വൈക്കം: വേമ്പനാട്ടുകായലില്‍ കക്കയുടെ ലഭ്യത കുറഞ്ഞതോടെ ഇതിനെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രതിസന്ധിയില്‍. വേമ്പനാട്ടുകായലില്‍ വൈക്കം ഭാഗത്ത് ഒരുകാലത്ത് കക്കകള്‍ സുലഭമായിരുന്നു. വൈക്കം വേമ്പനാട്ടുകായലിലെ കക്കയും കക്കയിറച്ചിയും കേരളമൊട്ടാകെ പ്രസിദ്ധി ആര്‍ജിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴിത് പേരിനു മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. വ്യവസായവത്കരണ ഭാഗമായുള്ള ജലമലിനീകരണവും കക്ക ഡ്രഡ്ജിങ്ങുമാണ് കക്കയുടെ ലഭ്യത കുറച്ചത്. ഇപ്പോള്‍ എട്ടു മണിക്കൂറിധികം കായലില്‍ പണിയെടുത്താല്‍ ഏഴ്-എട്ട് പാട്ട കക്ക മാത്രമേ ലഭിക്കുന്നുള്ളു. 20 കിലോ വരുന്ന ഒരു പാട്ട കക്കക്ക് ഏതാണ്ട് 55 രൂപയോളമാണ് ഇപ്പോള്‍ വില. ഇതില്‍നിന്ന് ഏഴ്-ഏട്ട് കിലോ കക്കയിറച്ചിയും ലഭിക്കും. കക്കയിറച്ചിക്ക് മാര്‍ക്കറ്റില്‍ ഇപ്പോള്‍ 40 രൂപയോളം വില ലഭിക്കുന്നുണ്ട്. കക്ക കൂടുതല്‍ ലഭിച്ചിരുന്ന സമയങ്ങളില്‍ മികച്ച വരുമാനമായിരുന്നു ഈ മേഖലയില്‍ പണിയെടുത്തിരുന്ന ജോലികള്‍ക്ക് ലഭിച്ചിരുന്നത്. എന്നാലിപ്പോള്‍ ഇറച്ചി വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് തൊഴിലാളികള്‍ പിടിച്ചുനില്‍ക്കുന്നത്. കോട്ടയം ട്രാവന്‍കൂര്‍ സിമന്‍റ്സിന് വ്യവസായിക ആവശ്യത്തിനായി വൈക്കം ഭാഗത്ത് കായലില്‍ കക്ക ഖനനം നടത്തിവരുന്നതാണ് കക്കയുടെ ലഭ്യത കുറയാന്‍ കാരണമെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ദിനംപ്രതി ഡ്രഡ്ജിങ്ങിലൂടെ കമ്പനി ടണ്‍ കണക്കിന് കക്കയാണ് കയറ്റിക്കൊണ്ടുപോകുന്നത്. കക്കസംഘങ്ങളുടെ പരാതിയെ തുടര്‍ന്ന് സിമന്‍റ്സിന്‍െറ ഖനനം കോടതി താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്. ട്രാവന്‍കൂര്‍ സിമന്‍റ്സ് കക്ക ഡ്രഡ്ജിങ്ങിലൂടെ കായലിന്‍െറ അടിത്തട്ടിലേക്ക് തള്ളിവിടുന്ന പുളിപ്പുകലര്‍ന്ന ചളിയുടെ ആധിക്യംമൂലം കക്കയുടെ ആദ്യഘട്ടത്തിലെ മല്ലികക്കയുടെ വന്‍ നാശത്തിന് വഴിയൊരുക്കുമെന്നും തൊഴിലാളികള്‍ പറയുന്നു. ഇതിനൊപ്പം ഹൗസ് ബോട്ടുകളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യവും കക്കയുടെ നാശത്തിന് വഴിയൊരുക്കുന്നുണ്ട്. വേമ്പനാട്ടുകായലില്‍ കക്ക ഏറ്റവും കൂടുതല്‍ വിളയുന്നത് വൈക്കം മേഖലയിലാണ്. ഇതിനെ ആശ്രയിച്ച് മുപ്പതിനായിരത്തോളം പരമ്പരാഗത തൊഴിലാളി കുടുംബങ്ങളാണ് ജീവിതം മുന്നോട്ടുനീക്കുന്നത്. കക്ക വാരുന്നവരുടെ ക്ഷേമത്തിനായി ഈ മേഖലയില്‍ മൂന്നു സൊസൈറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. വൈക്കം പള്ളിപ്രത്തുശേരിയിലും ചേര്‍ത്തല മുഹമ്മയിലും പൂച്ചാക്കലിലും ആയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വേമ്പനാട്ടുകായലിലെ കക്ക സമ്പത്ത് സംരക്ഷിക്കുന്നതിനും പരമ്പരാഗത കക്കവാരല്‍ തൊഴിലാളികളുടെ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.