കാഞ്ഞിരപ്പള്ളി ബൈപാസിന് പച്ചക്കൊടി; ഒരാഴ്ചക്കുള്ളില്‍ സ്ഥലം ഏറ്റെടുക്കും

കാഞ്ഞിരപ്പള്ളി: ബൈപാസ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവായതായി ഡോ. എന്‍. ജയരാജ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതു ആവശ്യത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കലിന്‍െറ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവായതെന്ന് എം.എല്‍.എ പറഞ്ഞു. ദേശീയപാതയുടെ സമാന്തരമായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്നാണ് ബൈപാസ് ആരംഭിക്കുന്നത്. ദേശീയപാതയില്‍നിന്ന് മണിമലയാറിന് മുകളിലൂടെ നിര്‍മിക്കുന്ന പാലത്തിലൂടെ മറുകരയിലെ ടൗണ്‍ ഹാളിന് സമീപമത്തെുന്ന ബൈപാസ് ജനവാസമില്ലാത്ത റബര്‍തോട്ടങ്ങളിലൂടെ കടന്നു പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം എത്തുന്ന തരത്തിലാണ് ബൈപാസ് നിര്‍മാണം. 1.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപാസിന് 20 മീറ്ററാണ് വീതി. ഒരു പാലവും അഞ്ച് കലുങ്കുകളുമാണ് നിര്‍ദിഷ്ട ബൈപാസ് പദ്ധതിയിലുള്ളത്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് പദ്ധതിക്കായി സ്ഥലമേറ്റെടുക്കല്‍ നടപടി നടത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമകള്‍ ഹൈകോടതിയെ സമീപിച്ചതോടെയാണ് ബൈപാസ് നിര്‍മാണം പ്രതിസന്ധിയിലായത്. ഇപ്പോള്‍ നിയമം മാറിയ സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിന്‍െറ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. പൊതു ആവശ്യത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വസ്തു ഉടമക്ക് വിപണി വിലനല്‍കും. വിലയുടെ പേരില്‍ തര്‍ക്കമുണ്ടായാല്‍ കോടതിയെ സമീപിക്കാമെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടാകില്ല. ഇതനുസരിച്ച് കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് കലക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കലക്ടര്‍ സ്ഥലമുടമകളുമായി സംസാരിച്ച് ഒരാഴ്ചക്കുള്ളില്‍ സ്ഥലം ഏറ്റെടുക്കും. ഇതോടെ ബൈപാസ് നിര്‍മാണത്തിന്‍െറ പ്രാരംഭഘട്ടം കഴിയും. എട്ടുവര്‍ഷം മുമ്പ് തയാറാക്കിയ പ്ളാനിലും എസ്റ്റിമേറ്റിലും വേണ്ട മാറ്റങ്ങള്‍ വരുത്തി എ.എസും ടി.എസും വാങ്ങുന്നതോടെ ബൈപാസ് നിര്‍മാണം ആരംഭിക്കാന്‍ കഴിയും. ഇപ്പോഴത്തെ മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാവുതിന് മുമ്പുതന്നെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കമീഷന്‍ അംഗം സുമേഷ് ആന്‍ഡ്രൂസ്, ജോസ് കൊച്ചുപുര എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.