കോട്ടയം നഗരസഭാ ബജറ്റിന് ജനകീയമുഖം; പ്രാരംഭ ചര്‍ച്ചകള്‍ക്ക് തുടക്കമായി

കോട്ടയം: നഗരസഭയുടെ ബജറ്റ് ജനകീയമാക്കാന്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. സമൂഹത്തിന്‍െറ വിവിധതലങ്ങളിലുള്ളവരുമായി ചര്‍ച്ചനടത്തി ജനകീയ മുഖത്തോടെ ബജറ്റ് തയാറാക്കി അവതരിപ്പിക്കാനാണ് ഭരണസമിതിയുടെ ലക്ഷ്യം. ഇതിന്‍െറ ആദ്യഘട്ടമായി തിങ്കളാഴ്ച നഗരസഭാ ഓഫിസില്‍ വ്യാപാരികള്‍, വ്യവസായികള്‍, റെസിഡന്‍റ് അസോ. എന്നിവയിലെ പ്രതിനിധികളുമായി നഗസഭാധ്യക്ഷ ഡോ.പി.ആര്‍. സോന, വൈസ് ചെയര്‍മാന്‍ ജാന്‍സി ജേക്കബ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചര്‍ച്ചനടത്തി. നഗരത്തില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍, അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികള്‍, ഓരോ മേഖലയുടെയും വികസനത്തിന് ചെയ്യേണ്ട നിര്‍ദേശങ്ങള്‍ എന്നിവയാണ് വിവിധവിഭാഗങ്ങളില്‍നിന്ന് ക്ഷണിക്കുന്നത്. പതിവിന് വിപരീതമായി നഗരസഭയുടെ ബജറ്റിന് ജനകീയ മുഖം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെന്ന് നഗരസഭാധ്യക്ഷ ഡോ.പി.ആര്‍. സോന പറഞ്ഞു. അടുത്തഘട്ടത്തില്‍ മാധ്യമങ്ങള്‍, സന്നദ്ധസംഘടനകള്‍, വിവിധ തൊഴിലാളി യൂനിയനുകള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായും ചര്‍ച്ചചെയ്യും. പൊതുജന പങ്കാളിത്തതോടെ തയാറാക്കുന്ന ഭരണസമിതിയുടെ ബജറ്റ് വേറിട്ടതാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.