വൃക്കരോഗികള്‍ക്ക് ചികിത്സാസഹായം വര്‍ധിപ്പിക്കും –മുഖ്യമന്ത്രി

കോട്ടയം: വൃക്കരോഗികള്‍ക്ക് കാരുണ്യ ബെനവലന്‍റ് ഫണ്ടില്‍നിന്ന് നല്‍കുന്ന ധനസഹായം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ രണ്ടുലക്ഷം രൂപയാണ് നല്‍കുന്നത്. ചികിത്സാച്ചെലവ് കണക്കിലെടുക്കുമ്പോള്‍ ഇത് ചെറിയ സഹായമാണ്. ഈ സാഹചര്യത്തിലാണ് കാരുണ്യ ഫണ്ട് വര്‍ധിപ്പിക്കുന്നത് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നെഫ്രോളജി, അനസ്തേഷ്യ, യൂറോളജി തുടങ്ങിയ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ വൃക്കദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും കുടുംബസംഗമം ‘മൃത്യുഞ്ജയം കൂട്ടായ്മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗത്തിന് 10 ഡയാലിസിസ് യന്ത്രങ്ങള്‍ കാരുണ്യ ഫണ്ടില്‍നിന്ന് നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. ഇതോടെ ഒരുദിവസം 60പേര്‍ക്കുകൂടി ഡയാലിസിസ് ചെയ്യാനാകും. വൃക്കരോഗം ബാധിച്ചവര്‍ക്ക് അവരുടെ കുടുംബം മാത്രമല്ല സഹായത്തിനുള്ളത്. രോഗികളുടെ സഹായത്തിന് സര്‍ക്കാറും സമൂഹവും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണാനന്തരം അവയവദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആദരിച്ചു. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൃക്കരോഗികള്‍ക്ക് സൗജന്യ മരുന്നുവിതരണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. മൃത്യുഞ്ജയം വാരാഘോഷ മത്സര വിജയികള്‍ക്കുള്ള സമ്മാനദാന വിതരണം ജോസ് കെ. മാണി എം.പി നിര്‍വഹിച്ചു. നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.എം.ഇ ഡോ. റംലബീവി, തോമസ് ചാഴിക്കാടന്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി ജേക്കബ്, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് പഞ്ഞിക്കാരന്‍, വാര്‍ഡ് മെംബര്‍ എല്‍സമ്മ ജോസഫ്, യൂറോളജി വിഭാഗം മേധാവി ഡോ. സുരേഷ് ഭട്ട്, അനസ്തീഷ്യാ വിഭാഗം മേധാവി ഡോ. മോനി ആന്‍ തോമസ്, നെഫ്രോളജി വിഭാഗം അഡീഷനല്‍ പ്രഫസര്‍. ഡോ. ഉഷാ സാമുവേല്‍, നെഫ്രോളജി അസോ. പ്രഫസര്‍ ഡോ. സെബാസ്റ്റ്യന്‍ എബ്രാഹം, ഷൈജു തെക്കുംചേരി, മൃത്യുഞ്ജയം കണ്‍വീനര്‍ കെ. സാബു, കെ.ആര്‍. വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.