അഞ്ചേരി ബേബി വധം: സി.പി.എം നേതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

നെടുങ്കണ്ടം (ഇടുക്കി): അഞ്ചേരി ബേബി വധക്കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയടക്കമുള്ള മൂന്നുപേര്‍ കോടതിയുടെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച നെടുങ്കണ്ടം കോടതിയില്‍ ഹാജരാകും. ഉടുമ്പന്‍ചോല മാട്ടുതാവളം കരുണാകരന്‍ കോളനിയില്‍ കൈനകരി കുട്ടന്‍ എന്ന കുട്ടപ്പന്‍, സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി, എന്‍.ആര്‍ സിറ്റി സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ഒയ്യാരത്ത് ഒ.ജി. മദനന്‍ എന്നിവരാണ് നെടുങ്കണ്ടം ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ തിങ്കളാഴ്ച ഹാജരാകുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന അഞ്ചേരി ബേബി വധത്തിന്‍െറ പുനരന്വേഷണ കുറ്റപത്രം നവംബര്‍ പതിനെട്ടിന് കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിപ്പട്ടികയിലുള്ള ഇവരോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ബേബിയുടെ കുടുംബാംഗങ്ങള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ സി.ബി സി.ഐ.ഡി ഡിവൈ.എസ്.പി സുനില്‍ കുമാറിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണ കുറ്റപത്രം നവംബര്‍ പതിനെട്ടിന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. അന്ന് പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒമ്പത് പേരെയും തെളിവുകളുടെ അഭാവത്താല്‍ കോടതി വെറുതെ വിട്ടിരുന്നു. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി 2012 മേയ് 25ന് തൊടുപുഴ മണക്കാട് നടത്തിയ പ്രസംഗത്തില്‍ എതിരാളികളെ പട്ടിക തയാറാക്കി വക വരുത്തിയെന്ന് വെളിപ്പെടുത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷണം ആരംഭിച്ചത്. 2012 നവംബറില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നുപേരും രണ്ടുമാസത്തോളം പീരുമേട്ടില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ബേബി വധ ഗൂഢാലോചന കേസിലാണ് എം.എം. മണിയെ അന്ന് അറസ്റ്റ് ചെയ്തത്. ആദ്യം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഒമ്പത് പേരിലൊരാളായ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മോഹന്‍ദാസ് പുനരന്വേഷണ സംഘം മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റും മറ്റും നടന്നത്. ബേബിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടന്‍ നേരിട്ട് പങ്കെടുത്തെന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് മറ്റുള്ളവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. നവംബര്‍ പതിനെട്ടിന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പ്രമാണം ഉള്‍പ്പെടെ 600 പേജുകളാണ്. 143, 147, 148, 149, 302, 307 പ്രകാരം ചാര്‍ജ് ചെയ്ത കേസിലാണ് ഇവര്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.