നിറങ്ങള്‍ തന്‍ നൃത്തം മഴവില്ലഴക്

കോട്ടയം: നൃത്തക്കാരും വാദ്യമേളക്കാരും മാപ്പിളപ്പാട്ടുകാരും ചേര്‍ന്നുപകര്‍ന്ന മഴവില്ലഴകില്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍െറ മൂന്നാംദിനം. 74 മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചങ്ങനാശേരി സബ് ജില്ലയാണ് മുന്നില്‍(279). ഹൈസ്കൂള്‍ വിഭാഗത്തില്‍ കോട്ടയം ഈസ്റ്റും ഏറ്റുമാനൂരും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടത്തിലാണ്. 60 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോട്ടയം ഈസ്റ്റ് 229 പോയന്‍റുമായി മുന്നിലാണ്. 224 പോയന്‍റുമായി ഏറ്റുമാനൂര്‍ തൊട്ടുപിന്നാലെയുണ്ട്. യു.പി വിഭാഗത്തില്‍ 28 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 109 പോയന്‍റുമായി കോട്ടയം ഈസ്റ്റും 105 പോയന്‍റുമായി കുറവിലങ്ങാടും മുന്നേറുകയാണ്. സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ളാക്കാട്ടുര്‍ എം.ജി.എം എന്‍.എസ്.എസ് എച്ച്.എസ്.എസ് കിരീടത്തിലേക്ക് അടുക്കുകയാണ്. 72 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 120 പോയന്‍റുമായാണ് ളാക്കാട്ടൂര്‍ മുന്നേറുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 60 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ പാമ്പാടി ക്രോസ് റോഡ്സ് സ്കൂള്‍ ഒന്നാം സ്ഥാനത്താണ്. യു.പി വിഭാഗത്തില്‍ 28 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 35 പോയന്‍റുമായി കോട്ടയം മൗണ്ട് കാര്‍മലാണ് മുന്നേറുന്നത്. നൃത്ത മത്സരങ്ങളെല്ലാം വ്യാഴാഴ്ച രാത്രിയോടെ അവസാനിച്ചു. സമാപനദിനമായ വെള്ളിയാഴ്ച മോണോ ആക്ടാണ് പ്രധാന ഇനം. വൈകീട്ട് അഞ്ചിന് ചേരുന്ന സമാപന സമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ ജോഷി ഫിലിപ്പ് അധ്യക്ഷത വഹിക്കും. ആന്‍േറാ ആന്‍റണി എം.പി സമ്മാന വിതരണം നിര്‍വഹിക്കും. മേളക്കൊപ്പം പരാതികളും തുടരുകയാണ്. കോല്‍ക്കളി വേദിയിലെ സ്ഥലപരിമിതി പ്രകടനത്തെ ബാധിച്ചതായും വ്യാഴാഴ്ച ആക്ഷേപം ഉയര്‍ന്നു. മത്സരം ഏറെ വൈകിയതിനൊപ്പം സ്റ്റേജിന് ആവശ്യത്തിന് വിസ്താരമില്ലാത്തത് ഇരുട്ടടിയായതായും മത്സരാര്‍ഥികള്‍ പറയുന്നു. വിധി നിര്‍ണയത്തിലും പരാതികള്‍ ഒഴിയുന്നില്ല. വ്യാഴാഴ്ച നടന്ന മോഹിനിയാട്ടം മത്സരത്തിലടക്കം ക്രമക്കേടുകള്‍ നടന്നതായും പരാതിയുണ്ട്. ലളിതഗാനം സംബന്ധിച്ചും ആക്ഷേപം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഒപ്പനയുടെ വിധിനിര്‍ണയത്തില്‍ പാളിച്ചയുണ്ടെന്നാരോപിച്ച് വിധികര്‍ത്താവിനെ തടഞ്ഞുവെച്ച സംഭവവും ഉണ്ടായിരുന്നു. ആക്ഷേപങ്ങള്‍ ഉയരുന്നതിനൊപ്പം അപ്പീലുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതുവരെയുള്ള അപ്പീലുകളുടെ എണ്ണം 100 കവിഞ്ഞു. അപ്പീലുകള്‍ നല്‍കുന്നത് തടയാന്‍ സംഘാടകര്‍ ഒന്നാംസ്ഥാനം ഒഴിച്ചുള്ളവ വെളിപ്പെടുത്തുന്നില്ളെന്നും പരാതിയുണ്ട്. ഇതുമൂലം അപ്പീല്‍ നല്‍കാനുള്ള അപേക്ഷയില്‍ കിട്ടിയ സ്ഥാനം ചേര്‍ക്കണമെന്ന നിബന്ധന പാലിക്കാനാകുന്നില്ളെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. ഇതിലൂടെ അപ്പീലുകള്‍ തള്ളിക്കള്ളയാനുള്ള ശ്രമമാണെന്നും ഇവര്‍ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.