കോടിമത 110 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം

കോട്ടയം: കോട്ടയത്തെ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമായി കോടിമത 110 സബ്സ്റ്റേഷന്‍ ഫെബ്രുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വ്യാഴാഴ്ച വൈകുന്നേരം അവസാനഘട്ട നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരങ്ങളിലും കഞ്ഞിക്കുഴി, കുമരകം, പൂവന്‍തുരുത്ത്, ചെങ്ങളം തുടങ്ങിയ പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം ഉള്‍പ്പെടെയുള്ള വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. വിജയപുരം ഈസ്റ്റ് പ്രദേശത്ത് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് തുറക്കുന്നതിന് ആവശ്യമായ നടപടി ആരംഭിച്ചിട്ടുണ്ട്. വകുപ്പ്മന്ത്രിയോട് ഇക്കാര്യം സൂചിപ്പിട്ടുണ്ട്. റോഡ് വികസനത്തിന്‍െറ ഭാഗമായി സി.എസ്.ഐ റിട്രീറ്റ്സെന്‍റര്‍, ദേവലോകം, പോസ്റ്റ്ഓഫിസ്, തിരുവാതുക്കല്‍ തുടങ്ങിയ ജങ്ഷനുകളിലെ ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍. സോന, വൈസ്ചെയര്‍മാന്‍ ജാന്‍സി ജേക്കബ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലജ ദിലീപ്കുമാര്‍, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷീബ പുന്നന്‍, കൗണ്‍സിലര്‍ ടി.സി. റോയി, മുന്‍കൗണ്‍സിലര്‍മാരായ എന്‍.എസ്. ഹരിശ്ചന്ദ്രന്‍, വി.കെ. അനില്‍കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. നിര്‍മാണജോലികളില്‍ തൃപ്തിരേഖപ്പെടുത്തിയ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. കോടിമതയിലെ 68 സെന്‍റ് സ്ഥലത്ത് 15 കോടിയോളം രൂപ മുടക്കിയാണ് 110 കെ.വി സബ്സ്റ്റേഷന്‍ പൂര്‍ത്തിയാക്കുന്നത്. പള്ളം-പുന്നപ്ര ലൈനിലെ ചെട്ടിക്കുന്ന് ഭാഗത്തുനിന്ന് കോടിമതവരെ പുതിയ ലൈന്‍വലിച്ച് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ്. രണ്ടു ജനറേറ്ററുകളില്‍ ഒരെണ്ണം സ്ഥാപിച്ചിട്ടുണ്ട്. 2009 ആഗസ്റ്റ് ഒമ്പതിനാണ് കോടിമത സബ്സ്റ്റേഷന്‍ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചത്. കോട്ടയം-ഈരയില്‍ക്കടവ് റോഡ്, കൊടൂരാറിന്‍െറ തീരം ഇടിയല്‍ തുടങ്ങിയ വിവിധപ്രശ്നങ്ങളാല്‍ നിര്‍മാണം പലഘട്ടത്തിലും മുടങ്ങി. നിലവില്‍ കഞ്ഞിക്കുഴി, പൂവന്‍തുരുത്ത്, ഗാന്ധിനഗര്‍, ചെങ്ങളം സബ്സ്റ്റേഷനുകളില്‍നിന്നാണ് നഗരത്തിലേക്ക് വൈദ്യുതിയത്തെുന്നത്. ഏറെ വ്യവസായസ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും ഗാര്‍ഹിക ഉപഭോക്താക്കളും ഉള്ള നഗരത്തില്‍ സബ്സ്റ്റേഷന്‍െറ അഭാവത്താല്‍ വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വൈദ്യുതി ലൈനിലുണ്ടാകുന്ന ചെറിയപ്രശ്നങ്ങളുടെ പേരില്‍ നഗരം മണിക്കൂറുകള്‍ ഇരുട്ടിലായ സംഭവവും ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.