റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് നാളേറെയായിട്ടും നടപടിയില്ല

ഈരാറ്റുപേട്ട: തീക്കോയി-കളത്തുക്കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളേറെയായി. എന്നാല്‍ റോഡിന്‍െറ ശോച്യാവസ്ഥക്ക് പരിഹാരം കാണുന്നതില്‍ അധികൃതര്‍ അലംഭാവം നടിക്കുകയാണ്. തീക്കോയി മൂന്നിലവ് ഈരാറ്റുപേട്ട, തലപ്പുലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും തീക്കോയി പഞ്ചായത്ത് ജങ്ക്ഷനില്‍നിന്ന് ആരംഭിച്ച് കളത്തുക്കടവില്‍ മുട്ടം കാഞ്ഞിരപ്പള്ളി റോഡുമായി സന്ധിക്കുന്ന ഈ മാര്‍ഗം തൊടുപുഴ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് ഈരാറ്റുപേട്ട പീരുമേട് ഹൈവേയിലേക്കുള്ള എളുപ്പവഴി കൂടിയാണ്. തീക്കോയി വാഗമണ്‍, ഇല്ലിക്കല്‍മല, മാര്‍മല അരുവി, അയ്യമ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്് വടക്കുഭാഗത്തുനിന്നുള്ള സഞ്ചാരികള്‍ക്കും എളുപ്പമാര്‍ഗമാണിത്. ഈരാറ്റുപേട്ട ടൗണിലെ തിരക്കില്‍ നിന്നൊഴിവാകുന്നതിന് ആംബുലന്‍സ് വാഹനങ്ങള്‍ ഈ റോഡ് ഉപയോഗിച്ചിരുന്നു. തീക്കോയി മൂന്നിലവ് പഞ്ചായത്തുകളില്‍പെട്ട നൂറോളം കുടുംബങ്ങളുടെ സഞ്ചാരമാര്‍ഗവുമാണ് ഈ പാത. റോഡിന്‍െറ ഭൂരിപക്ഷം ഭാഗങ്ങളിലും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. അമിതഭാരവുമായി പാറമടകളില്‍നിന്നുള്ള ടിപ്പര്‍ ലോറികളുടെ തുടര്‍ച്ചയായ സഞ്ചാരമാണ് റോഡിന്‍െറ തകര്‍ച്ചക്ക് പ്രധാന കാരണം. ടോറസ് ടിപ്പറുകള്‍ ഉള്‍പ്പെടെ നൂറോളം ടിപ്പറുകളെങ്കിലും ഇതുവഴി കടന്നുപോകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പ് റോഡാണെങ്കിലും നിലവാരം കുറഞ്ഞ ടാറിങ്ങാണ് റോഡില്‍ ചെയ്തിരിക്കുന്നതെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു. അമിത ഭാരം കയറ്റിയ വാഹനങ്ങളും മോശം ടാറിങ്ങും കൂടിയായപ്പോള്‍ റോഡിന്‍െറ തകര്‍ച്ച വളരെ പെട്ടെന്നായി. റോഡിലുണ്ടായിരിക്കുന്ന ഗര്‍ത്തങ്ങളില്‍ വീണ്് ഇരുചക്ര യാത്രക്കാര്‍ക്ക് അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്. റോഡ് എത്രയും വേഗം ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.