ഇല്ലിക്കല്‍മല മാലിന്യമുക്തമാക്കാന്‍ ‘സഞ്ചാരി ’ ഫേസ്ബുക് കൂട്ടായ്മ

ഈരാറ്റുപേട്ട: സാഹസിക വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍മല പ്ളാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ ഫേസ്ബുക് കൂട്ടായ്മയായ ‘സഞ്ചാരി’യുടെ കോട്ടയം യൂനിറ്റ് പ്രവര്‍ത്തകര്‍ രംഗത്ത്. ട്രക്ക് ആന്‍ഡ് ക്ളീന്‍ ഇല്ലിക്കല്‍മല പ്രോഗ്രാമിന്‍െറ ഭാഗമായാണ് ഇല്ലിക്കല്‍മലയില്‍ സഞ്ചാരികളുടെ ഒത്തുകൂടലും ക്ളീനിങ്ങും നടന്നത്. പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ ടി.എം. റഷീദ് നിര്‍വഹിച്ചു. ‘പ്രകൃതിയോടൊപ്പം ഒരു സഞ്ചാരം’ എന്ന പ്രമേയവുമായി പ്രവര്‍ത്തിക്കുന്ന സഞ്ചാരി ഫേസ്ബുക് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ പുല്‍മേട്ടിലെയും വനപാതയിലെയും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്തു. സന്ദര്‍ശകര്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കവറുകളില്‍ ശേഖരിച്ചാണ് സഞ്ചാരികള്‍ മലയിറങ്ങിയത്. വനം വകുപ്പിന്‍െറ സഹകരണത്തോടെ സന്ദര്‍ശകരെ പ്ളാസ്റ്റിക് മാലിന്യ നിക്ഷേപം, കാട്ടുതീ തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരിക്കാന്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഈരാറ്റുപേട്ടയിലെ സ്വകാര്യ സ്ഥാപനങ്ങളാണ് ബോര്‍ഡുകള്‍ സംഭാവന ചെയ്തത്. പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികളുടെ ഒരു വലിയ കൂട്ടായ്മ രൂപവത്കരിച്ച് സാധ്യമാവുന്ന ബോധവത്കരണ ശ്രമങ്ങള്‍ നടത്തുക, കേവലം യാത്രക്കുപരി പ്രകൃതിയുടെ പവിത്രതയിലേക്ക് സഞ്ചാരത്തെ വഴിതിരിച്ചുവിടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ യാത്രയോടും പ്രകൃതിയോടും സമാനമായ കാഴ്ചപ്പാടുള്ള, ഒരു കൂട്ടം സഞ്ചാരികള്‍ ചേര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് സഞ്ചാരി എന്ന കൂട്ടായ്മ രൂപവത്കരിക്കുന്നത്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സഞ്ചാരി യൂനിറ്റുകള്‍ ഗ്രൂപ് യാത്രകള്‍, ട്രക്കിങ്ങുകള്‍, റൈഡുകള്‍, പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, നേച്ചര്‍ ക്യാമ്പുകള്‍, സാധ്യമാവുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രോജക്റ്റുകളുമായി മുന്നോട്ടുപോവുന്നുണ്ട്. രക്തദാനം, നീന്തല്‍ പരിശീലനം, ട്രോമ കെയര്‍, റോഡ് സേഫ്റ്റി കാമ്പയിന്‍, ഭിന്നശേഷിയുള്ളവര്‍ക്ക് യാത്രാസഹായം തുടങ്ങിയ പദ്ധതികളും സഞ്ചാരിയുടെ മുന്നിലുണ്ട്. സഞ്ചാരി ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ പ്രഖ്യാപിച്ച ഓഫ്ലൈന്‍ ആക്റ്റിവിറ്റികളുടെ ഭാഗമായാണ് ഇല്ലിക്കല്‍ മലയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 100ല്‍പരം സഞ്ചാരികള്‍ ഒത്തുചേര്‍ന്നത്. ഇല്ലിക്കല്‍ മലക്കുവേണ്ടി പഞ്ചായത്ത് ചെയ്യാന്‍ പോവുന്ന നവീകരണങ്ങളെ കുറിച്ചുള്ള വിവരണം മൂന്നിലവ് പഞ്ചായത്ത് അംഗം ഷാജി ജോണ്‍ ചാത്തോളി നല്‍കി. പ്രോഗ്രാം കോഓഡിനേറ്റര്‍ നസീബ് വട്ടക്കയം, സിയാദ് കാരക്കാട്, ഗോപികൃഷ്ണ, നിയാസ് അശ്റഫ്, ആസിഫ്, അമീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.