കുമാരനല്ലൂരില്‍ കുടിവെള്ളം കിട്ടാക്കനി

കോട്ടയം: നഗരസഭക്ക് കീഴിലുള്ള കുമാരനല്ലൂര്‍ മേഖലയില്‍ കുടിവെള്ളവിതരണം പൂര്‍ണമായും നിലച്ചു. വാട്ടര്‍ അതോറിറ്റിയുടെ വെള്ളൂപ്പറമ്പ് ജലശുദ്ധീകരണ പ്ളാന്‍റിലെ വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ കത്തിയതാണ് കുടിവെള്ളവിതരണം മുടങ്ങാന്‍ കാരണം. ബദല്‍ സംവിധാനം ഒരുക്കുന്നതിനാല്‍ രണ്ടുദിവസംകൂടി ജലവിതരണം താറുമാറാകും. ശനിയാഴ്ച പുലര്‍ച്ചെയാണ് മോട്ടോര്‍കത്തിയത്. മോട്ടോര്‍ നന്നാക്കാര്‍ ഒരുലക്ഷത്തോളം വേണമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അഴിച്ചെടുത്ത മോട്ടോറിന് പകരമായി മറ്റൊന്ന് സ്ഥാപിക്കാന്‍ ഞായറാഴ്ചയും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബദല്‍ സംവിധാനത്തിന്‍െറ ഭാഗമായി സ്ഥാപിച്ച മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെങ്കിലും വെള്ളംകയറാത്തത് തടസ്സമായി. ഇതിനൊപ്പം എം.സി റോഡ് നവീകരണത്തിന്‍െ ഭാഗമായി പ്രധാനപൈപ്പ് ലൈന്‍ വിവിധയിടങ്ങളില്‍ പൊട്ടിയതും ജലവിതരണം നിലക്കാന്‍ കാരണമായി. കുമാരനല്ലൂര്‍ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ശുദ്ധജലംകിട്ടാതെ വലഞ്ഞത്. തകരാര്‍ പരിഹരിക്കുന്നതുവരെ കരാറുകാരന്‍െറ മോട്ടോര്‍ സ്ഥാപിച്ച് ജലവിതരണം നടത്താനാണ് വാട്ടര്‍ അതോറിറ്റിയുടെ നിര്‍ദേശം. കെ.എസ്.ടി.പി പദ്ധതിയുടെ ഭാഗമായി എം.സി റോഡിലെ വിവിധയിടങ്ങളില്‍ പൈപ്പ്പൊട്ടി ജലവിതരണം ദിവസങ്ങളോളം തടസ്സപ്പെട്ടിരുന്നു. അതിന്‍െറ ദുരിതം വിട്ടൊഴിയുംമുമ്പ് മോട്ടോര്‍ തകരാറില്‍ വീണ്ടും കുടിവെള്ളം കിട്ടാതാവുകയായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിച്ച് തിങ്കളാഴ്ച മുതല്‍ കുടിവെള്ളവിതരണം കാര്യക്ഷമമാക്കുമെന്ന് വാട്ടര്‍അതോറിറ്റി അധികൃതര്‍ അറിയിച്ചു. അതേസമയം, എം.സി റോഡില്‍ വീണ്ടും പൈപ്പുകള്‍ പൊട്ടിയതിനാല്‍ കുടിവെള്ളവിതരണത്തിന് രണ്ടുദിവസം വേണ്ടിവരുമെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.