പൈപ്പ് പൊട്ടി; കോട്ടയത്ത് ഇന്നും കുടിവെള്ളം മുടങ്ങും

കോട്ടയം: വാട്ടര്‍ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടിയതോടെ തടസ്സപ്പെട്ട നഗരത്തിലേക്കുള്ള ജല വിതരണം ഞായറാഴ്ചയും മുടങ്ങും. അറ്റകുറ്റപ്പണി പുരോഗമിക്കുകയാണെന്നും തിങ്കളാഴ്ചയോടെ മാത്രമേ ജലവിതരണം പുനരാരംഭിക്കാനാകുകയുള്ളൂവെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് തിരുവഞ്ചൂരിലെ പമ്പ് ഹൗസിനു സമീപം പൈപ്പ് പൊട്ടിയത്. ഇതോടെ ശനിയാഴ്ച നഗരത്തില്‍ കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങിയിരുന്നു. 55 വര്‍ഷത്തിലധികം പഴക്കമുള്ള 600 എം.എം വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. പുഴയില്‍നിന്ന് തിരുവഞ്ചൂരിലെ ട്രീറ്റ്മെന്‍റ് പ്ളാന്‍റിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണിത്. പുറംഭാഗം ദ്രവിച്ചതിനാലാണ് പൈപ്പ് പൊട്ടിയത്. ഇവിടെ വന്‍കുഴിയും രൂപപ്പെട്ടിട്ടുണ്ട്. കാസ്റ്റണ്‍ അയണിലുള്ള പഴയ പൈപ്പ് കൂട്ടിയോജിപ്പിക്കുന്നത് ഏറെ ശ്രമകരമായതിനാലാണ് ജലവിതരണം പുന$സ്ഥാപിക്കാന്‍ വൈകുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. വന്‍ കുഴിയെടുത്ത് പൊട്ടിയ ഭാഗം മുറിച്ചുനീക്കി പുതിയത് വെല്‍ഡ് ചെയ്ത് ഘടിപ്പിക്കാനാണ് ശ്രമം. ശനിയാഴ്ച രാത്രിയും ജോലികള്‍ നടക്കുകയാണ്. ഞായറാഴ്ച വൈകീട്ടോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് വെള്ളം പമ്പ് ചെയ്ത ടാങ്കുകളില്‍ എത്തിച്ചശേഷം തിങ്കളാഴ്ച കുടിവെള്ളം നല്‍കി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. കോട്ടയം നഗരത്തിനു പുറമെ പുതുപ്പള്ളി പഞ്ചായത്തുകളിന്‍െറ വിവിധ ഭാഗങ്ങളിലും ശനിയാഴ്ച വെള്ളം വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു. ഇതോടെ 30,000 ത്തോളം ഉപഭോക്താക്കള്‍ക്കാണ് ദുരിതത്തിലായിരിക്കുന്നത്. വേനല്‍ രൂക്ഷമായിരിക്കെ അപ്രതീക്ഷിതമായി കുടിവെള്ളം മുടങ്ങിയത് നഗരവാസികളെ ദുരിതത്തിലാക്കി. ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ സാരമായി ഇത് ബാധിച്ചു. വിലകൊടുത്ത് വാങ്ങിയാണ് പലരും ഉപയോഗിച്ചത്. ചില ബേക്കറികള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. ഹോസ്റ്റലുകളില്‍ താമസിക്കുന്നവരും വാട്ടര്‍ അതോറിറ്റിയുടെ ജലം കാത്തിരിക്കുന്ന കുടുംബങ്ങളും ബുദ്ധിമുട്ടിലായി. പലരും കുളിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. നഗരത്തിലെ ഫ്ളാറ്റ് നിവാസികള്‍ക്കും ഇത് ഇരുട്ടടിയായി. പലര്‍ക്കും കുപ്പിവെള്ളമായിരുന്നു ആശ്രമം. ഞായറാഴ്ചയും വെള്ളം ലഭിക്കാതെ വരുന്നത് ദുരിതം ഇരട്ടിയാക്കും. ചില കുടുംബങ്ങള്‍ ബന്ധുവീടുകളെ ഞായറാഴ്ച ആശ്രയിക്കാനുള്ള തീരുമാനത്തിലാണ്. തിങ്കളാഴ്ച പ്രവൃത്തി ദിനമായതിനാല്‍ കുട്ടികളെ സ്കൂളില്‍ അയക്കേണ്ട വരും ജോലിക്ക് പോകേണ്ടവരും ആശങ്കയിലാണ്. രണ്ടു ദിവസം പൂര്‍ണമായും കുടിവെള്ളം മുടങ്ങുമെന്നിരിക്കെ വിഷയത്തില്‍ ഒരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.