വേണ്ടത് നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമാക്കൂട്ടങ്ങള്‍–എം. പത്മകുമാര്‍

കോട്ടയം: ഫാന്‍സ് അസോസിയേഷന്‍ സംസ്കാരത്തോട് യോജിക്കാനാവില്ളെന്നും നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമാക്കൂട്ടങ്ങളാണ് ഉടലെടുക്കേണ്ടതെന്നും സംവിധായകന്‍ എം. പത്മകുമാര്‍. തമിഴ് മാതൃകയില്‍ താരങ്ങളുടെ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നതുപോലുള്ള പ്രവണതകള്‍ ശരിയല്ല. മലയാള സിനിമയില്‍ ഇത്തരം ‘ആഘോഷങ്ങള്‍’ കൂടിവരുന്നുണ്ടെന്നത് സത്യമാണ്. ഫാന്‍സ് അസോസിയേഷനുകളുടെ കാര്യത്തില്‍ അതത് നടമാരാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമിയും ആത്മയും ചേര്‍ന്ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയുടെ ഭാഗമായി പ്രസ് ക്ളബില്‍ നടന്ന ‘മീറ്റ് ദ പ്രസി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജലം’ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കലാകാരന്മാര്‍ സാമൂഹിക പ്രതിബദ്ധത കാട്ടണമെന്ന് ചിന്തിക്കുന്നയാളാണ് താന്‍. ഇതാണ് ‘ജലം’ എന്ന സിനിമയിലേക്ക് നയിച്ചത്. ‘ജലം’ സാമ്പത്തികമായി വിജയിച്ചില്ളെങ്കിലും സമൂഹത്തിന് സന്ദേശം നല്‍കുന്ന നല്ല ചിത്രങ്ങള്‍ക്കൊപ്പം ഇടംപിടിച്ചിട്ടുണ്ട്. ഇനിയും ഇത്തരം ചിത്രങ്ങളുമായി സഹകരിക്കും. കോട്ടയവുമായി ഈ സിനിമക്ക് ഏറെ ബന്ധമുണ്ട്. താഴത്തങ്ങാടി പാലത്തിനടിയില്‍ കഴിയുന്ന ഒരുകുടുംബത്തിന്‍െറ ചിത്രമാണ് ഈ സിനിമക്ക് പ്രചോദനമായതെന്നും സംവിധായകന്‍ പറഞ്ഞു. തന്‍െറ കരിയറിലെ ഏറ്റവും നല്ല സിനിമയാണ് ഇതെന്ന് നടി പ്രിയങ്ക പറഞ്ഞു. യഥാര്‍ഥ സംഭവത്തെ അധികരിച്ചിറങ്ങിയ ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ഇവര്‍ പറഞ്ഞു. പത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്ന ചിത്രമാണ് ഇത്തരമൊരു സിനിമയിലേക്ക് നയിച്ചതെന്ന് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു പറഞ്ഞു. ഇത്തരം കാഴ്ചകള്‍ കൂടുതലായി കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം. പുതിയ സാഹചര്യങ്ങളില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മാധ്യമങ്ങള്‍ ഭരണകൂടങ്ങള്‍വേണ്ടി പ്രവര്‍ത്തിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സ്വദേശിയായ കാമറമാന്‍ വിനോദ് ഇല്ലമ്പള്ളിയും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.