ചങ്ങനാശേരി നഗരസഭാ ബജറ്റ് : സ്ത്രീ ശാക്തീകരണത്തിനും മാലിന്യസംസ്കരണത്തിനും മുന്‍തൂക്കം

ചങ്ങനാശേരി: സ്ത്രീ ശാക്തീകരണത്തിനും മാലിന്യസംസ്കരണത്തിനും മുന്‍തൂക്കം നല്‍കി ചങ്ങനാശേരി നഗര ബജറ്റ്. ടൂറിസം, കായികം, സാമൂഹികക്ഷേമം എന്നിവക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 190.94 കോടി വരവും 164.87 കോടി ചെലവും 26.07 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2016-’17 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബാണ് അവതരിപ്പിച്ചത്. ചങ്ങനാശേരി നഗരസഭയില്‍ വനിത അംഗം അവതരിപ്പിക്കുന്ന പ്രഥമ ബജറ്റെന്ന പ്രത്യേകതയുണ്ട്. നഗരസഭാ അധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ച വെള്ളിയാഴ്ച രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ നടക്കും. സ്ത്രീകള്‍ നാഥയായ കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കും. സ്വയംതൊഴില്‍ സംരംഭമെന്ന നിലയില്‍ ഷീ ടാക്സി ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. ഓട്ടോയും കാറും വാങ്ങുവാന്‍ വായ്പാ സബ്സിഡി ലഭ്യമാക്കും. സ്ത്രീകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ പത്തുമുതല്‍ പ്ളസ് ടു വരെ പഠിക്കുന്ന കുട്ടികള്‍ക്കും ഐ.ടി.എ, ഐ.ടി.സി വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ് ലഭ്യമാക്കും. കൃഷി, കച്ചവടം, മൃഗസംരക്ഷണം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സ്ത്രീകള്‍ക്കാവശ്യമായ പശ്ചാത്തലം ഒരുക്കും. സ്ത്രീകള്‍ക്കുണ്ടാകുന്ന ബ്രെസ്റ്റ് കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍ എന്നിവ പ്രതിരോധിക്കുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണം എന്നീ പദ്ധതികളാണ് സ്ത്രീ ശാക്തീകരണത്തിനുവേണ്ടി ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ശുചിത്വ മിഷന്‍െറ അംഗീകാരത്തോടും സബ്സിഡിയോടുംകൂടി ഉറവിട മാലിന്യ സംസ്കരണ പദ്ധതി തയാറാക്കും. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടി സ്വീകരിക്കും. 40 മൈക്രോണില്‍ കുറവുള്ള പ്ളാസ്റ്റിക് കാരിബാഗുകളുടെ വിപണനം കര്‍ശനമായി നിരോധിക്കും. മാലിന്യ സംസ്കരണത്തിനായി ഇന്‍സിനേറ്റര്‍ സ്ഥാപിക്കും. പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തി. മാര്‍ക്കറ്റില്‍ നിര്‍മാണം പൂര്‍ത്തിയായ ബയോഗ്യാസ് പ്ളാന്‍റും ഉപയോഗപ്പെടുത്തും. യുവാക്കളുടെ വ്യവസായ സംരംഭകത്വത്തിന് പ്രചോദനമാകുംതരത്തില്‍ പഴയ പച്ചക്കറി മാര്‍ക്കറ്റ് സ്ഥലത്ത് സംസ്ഥാന വ്യവസായ കേന്ദ്രത്തിന്‍െറ സഹകരണത്തോടെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും സ്റ്റാര്‍ട്ട്അപ് വില്ളേജ് സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കും. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപ വകയിരുത്തി. നഗരസഭ ടൗണ്‍ഹാള്‍ ആധുനിക രീതിയില്‍ സൗണ്ട് പ്രൂഫ് സംവിധാനത്തോടെ പുതിയ കസേരകള്‍ സ്ഥാപിച്ച് എയര്‍ കണ്ടീഷന്‍ ചെയ്യുന്നതിന് 75 ലക്ഷം, വണ്ടിപ്പേട്ടയില്‍ മിനി ഷോപ്പിങ് കോംപ്ളക്സും ആയുര്‍വേദ ആശുപത്രിയുടെ അനക്സും നിര്‍മിക്കും. കംഫര്‍ട്ട് സേ്റ്റഷനും നിര്‍മിക്കും. ഇതിലേക്കായി 10 ലക്ഷം വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിനായി 37 വാര്‍ഡുകളിലെയും റോഡുകള്‍ നവീകരിക്കുന്നതിന് ഓരോ വാര്‍ഡിനും 12 ലക്ഷം രൂപ വീതം അനുവദിക്കും. നഗരത്തില്‍ ആധുനിക രീതിയിലുള്ള ഗ്യാസ് ക്രിമിറ്റോറിയം നിര്‍മിക്കുന്നതിന് പ്രഥമിക ചെലവുകള്‍ക്ക് അഞ്ചുലക്ഷം, പാലിയേറ്റിവ് കെയര്‍ യൂനിറ്റിന് മിനി ആംബുലന്‍സ് വാങ്ങും. പദ്ധതികള്‍ക്കായി അഞ്ചുലക്ഷം വകയിരുത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കായി പകല്‍വീട് രൂപവത്കരിക്കും. പൂവക്കാട്ടുചിറ മുനിസിപ്പല്‍ പാര്‍ക്കിനോടു ചേര്‍ന്നുള്ള കുളത്തിന്‍െറ ചുറ്റും നടപ്പാതകള്‍ നിര്‍മിച്ച് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. പെരുന്നയില്‍ 10 ഏക്കര്‍ സ്ഥലത്ത് ആധുനിക രീതിയിലുള്ള സ്പോര്‍ട്സ് കോംപ്ളക്സ് നിര്‍മിക്കുന്നതിനുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരം ലഭ്യമായിട്ടുണ്ട്. ഇവിടെ 400 മീറ്റര്‍ ട്രാക്കോടു കൂടിയ ഗ്രൗണ്ട്, ഫുട്ബാള്‍ വോളിബാള്‍, ബാസ്കറ്റ്ബാള്‍, ഷട്ട്ല്‍ ബാഡ്മിന്‍റണ്‍ തുടങ്ങിയ കോര്‍ട്ടുകളോടുകൂടി സംവിധാനം ചെയ്ത സ്പോര്‍ട്സ് കോംപ്ളക്സ് നിര്‍മിക്കും. എം.പി, എം.എല്‍.എ ഫണ്ടുകളില്‍നിന്ന് ആറരക്കോടി അനുവദിക്കുന്നതിനു ധാരണയായിട്ടുണ്ട്. ഇതോടൊപ്പം സ്വിമ്മിങ് പൂളും നിര്‍മിക്കും. പോത്തോട് നഗരസഭവക 13 ഏക്കര്‍ ഭൂമി പ്ളോട്ടുകളാക്കി തിരിച്ച് വില്‍പന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും. നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഗേള്‍ ഫ്രണ്ട്ലി ടോയ്ലറ്റുകള്‍ നിര്‍മിക്കും.ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിന്‍െറ സ്ഥലമെടുപ്പ് നടപടി പൂര്‍ത്തീകരിച്ച് സൗകര്യം വിപുലപ്പെടുത്തും. രണ്ടാംനമ്പര്‍ പെരുന്ന സ്റ്റാന്‍ഡില്‍ മഴവെള്ളം കടകളില്‍ കയറുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. വേഴയ്ക്കാട്ടുചിറ മൂന്നാംനമ്പര്‍ സ്റ്റാന്‍ഡില്‍ കോട്ടയം ഭാഗത്തേക്കുപോവുന്ന കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ കയറിയിറങ്ങുന്നതിനു നടപടി സ്വീകരിക്കും. നായ്ക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തും. ചിത്രകുളം നവീകരണം പദ്ധതികള്‍ക്കായി 10 ലക്ഷം, ഓരോ വാര്‍ഡിലും ഏഴ് എല്‍.ഇ.ഡി ബള്‍ബുകള്‍ പുതുതായി സ്ഥാപിക്കും. ബൈപാസ് റോഡിലും ളായിക്കാട് മുതല്‍ പാലാത്ര വരെ എം.സി റോഡിലും എല്‍.ഇ.ഡി ലൈറ്റ് സ്ഥാപിക്കും. ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തും ഇതിനായി 25 ലക്ഷം, ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്കുള്ള സബ്സിഡി തുക ജനറല്‍ വിഭാഗത്തിന് 4000, പട്ടികജാതി വിഭാഗത്തിന് 6000 രൂപയും അനുവദിക്കും. നഗരസഭാ ചെയര്‍മാന്‍െറ ഉപയോഗത്തിനായി പുതിയ വാഹനം വാങ്ങിക്കും എന്നിവയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പദ്ധതികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.