കാട്ടുതീയില്‍ നശിച്ച വനഭൂമിയില്‍ ഹരിതവത്കരണവുമായി മെഡിക്കല്‍ വിദ്യാര്‍ഥി സംഘം

ഗാന്ധിനഗര്‍: കാട്ടുതീയില്‍ ജീവന്‍െറ അവസാനതുടിപ്പും നശിച്ചു വരണ്ടുണങ്ങിയ വനമേഖലയില്‍ പുല്‍നാമ്പുകള്‍ കിളിര്‍പ്പിക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജിലെ സംഘം. കാട്ടുതീയില്‍ നശിച്ച ഇടുക്കി പാമ്പാടുംചോലയിലെ അഞ്ചു കുന്നുകളിലെ 39 ഹെക്ടര്‍ ഭാഗത്ത് സംഘം ഹരിതവത്കരിക്കുന്നത്. രണ്ടുമാസങ്ങള്‍ക്ക് മുമ്പാണ് പാമ്പാടും ചോലയിലുണ്ടായ ശക്തമായ കാട്ടുതീയില്‍ ചെറിയമരങ്ങളും വാറ്റില്‍ (അക്വേഷ്യാ) മരങ്ങളും കത്തിനശിച്ചത്. വാറ്റില്‍ മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നിരുന്നതിനാല്‍ പുല്ലുകള്‍ വളര്‍ന്നിരുന്നില്ല. മരങ്ങള്‍ കത്തിനശിച്ചതോടെ ഈ കുന്നുകളില്‍ മണ്ണ് ഒലിച്ചു പോകാനുള്ള സാധ്യതയും വര്‍ധിച്ചു. ഇതോടെയാണ് കുന്നുകളില്‍ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിനായി പുല്ലുവര്‍ഗങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ സംഘം തീരുമാനിച്ചത്. കേരള വനം-വന്യജീവി വകുപ്പ് കോട്ടയം നേച്ചര്‍ സൊസൈറ്റിയുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തനം. അഗ്നിബാധയില്‍ കത്തിനശിച്ച ഉണങ്ങിയ വാറ്റില്‍ തടികള്‍ കൊണ്ടു വരമ്പുകള്‍ നിര്‍മിച്ച് മണ്ണൊലിപ്പ് തടഞ്ഞ് അവിടം പുല്‍മേടാക്കി മാറ്റാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. അതോടൊപ്പം പുതുതായി കിളിര്‍ത്തുവരുന്ന വാറ്റില്‍ നശിപ്പിക്കുക എന്ന ജോലിയും ആരംഭിച്ചു. വാറ്റില്‍ മരങ്ങള്‍ ജലസമൃദ്ധമായി വലിച്ചെടുക്കുന്നതിനാല്‍ ഈ പ്രദേശത്തുനിന്ന് പൂര്‍ണമായും നീക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇവ വളരുന്നതോടെ ഈ പ്രദേശങ്ങളിലെ പുല്‍മേടുകള്‍ ഇല്ലാതാകുകയും ജലലഭ്യത കുറയുകയും ചെയ്യും. ഇതു മലനിരകളുടെ ഇടയിലുള്ള ചോലവനങ്ങളുടെ നിലനില്‍പിനെ വളരെ ദോഷകരമായി ബാധിക്കും. ചോലവനങ്ങളില്‍നിന്നാണ് നദികളുടെ ആരംഭമായ നീര്‍ച്ചാലുകള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളായി മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പാമ്പാടുംചോലയിലെ വനംവകുപ്പിന്‍െറ പ്രകൃതി പഠന സെന്‍ററില്‍ താമസിച്ചു പുല്‍മേടുകള്‍ ഒരുക്കുന്ന തിരക്കിലാണ്. സഞ്ചാരയോഗ്യമായ വഴിയില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയായതിനാല്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നതും വളരെ ശ്രമകരമായിരുന്നുമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. പ്രസാദ് പറഞ്ഞു. ഒട്ടേറെ പ്രതിബന്ധങ്ങളെ മറികടന്നാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഒരു ഹെക്ടറോളം ഭാഗത്ത് വരമ്പുകള്‍ നിര്‍മിച്ചതും വാറ്റില്‍ തൈകള്‍ പിഴുതുകളഞ്ഞതും. കോട്ടയം മെഡിക്കല്‍ കോളജ് മെഡിക്കല്‍ സര്‍വിസ് സെന്‍റര്‍ അംഗങ്ങളായ ഡോ. മുഹമ്മദ് ഷഫീഖ്, ഡോ. സരിന്‍ കുമാര്‍, ഫോറന്‍സിക് മെഡിസിന്‍ വിഭാഗം അധ്യാപകനായ ഡോ. ടി. ദീപു, മെഡിക്കല്‍ സര്‍വിസ് സെന്‍റര്‍ സെക്രട്ടറി ആകാശ്, പരിസ്ഥിതി പ്രവര്‍ത്തകരായ അജയ് നീലംപേരൂര്‍, ബാദുഷ്, മാന്നാര്‍ ജയകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.