നാഗമ്പടത്ത് ഗോതമ്പുലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

കോട്ടയം: ഗോതമ്പുമായി പോകുന്നതിനിടെ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ലോറി ഡ്രൈവറും ക്ളീനറും കാല്‍നടക്കാരും ഉള്‍പ്പെടെ അഞ്ചുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അമിതവേഗത്തിലത്തെിയ സ്വകാര്യ ബസിലിടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി അപകടത്തില്‍പ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ 10ന് എം.സി റോഡില്‍ നാഗമ്പടം റെയില്‍വേ മേല്‍പാലത്തിന് സമീപമാണ് അപകടം. ലോറി ഡ്രൈവര്‍ കോട്ടയം പുല്ലരിക്കുന്ന് സ്വദേശി പുത്തന്‍കുളങ്ങര ജയിംസ്, ക്ളീനര്‍ മൂലേടം സ്വദേശി ശ്രീധരന്‍, കാല്‍നക്കാരായ മൂന്ന് സ്ത്രീകള്‍ എന്നിവരാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. റെയില്‍വേ ഗുഡ്ഷെഡ് റോഡില്‍നിന്ന് ഗോതമ്പ് ചാക്കുകള്‍ കയറ്റി ചങ്ങനാശേരിക്ക് പോവുകയായിരുന്നു ലോറി. നാഗമ്പടത്തെ പുതിയ മേല്‍പാലത്തിലെ ജോലി നടക്കുന്നതിനിടെ മണ്ണിടിഞ്ഞ സ്ഥലത്ത് പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഭാഗത്തായിരുന്നു സംഭവം. ഇവിടെ വേഗംകുറച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതിനിടെ, എതിര്‍ദിശയില്‍ അമിതവേഗത്തിലത്തെിയ മറ്റൊരു വാഹനത്തെ മറികടന്നത്തെിയ സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാന്‍ ലോറി വെട്ടിച്ചു. നിയന്ത്രണംവിട്ട ലോറിയുടെ മുന്നിലെ ടയര്‍ ടാറിങ്ങില്‍നിന്ന് താഴ്ന്നുകിടന്നിരുന്ന തറനിരപ്പിലേക്ക് ഇറങ്ങിയതോടെ ലോറി ഇടതുവശത്തേക്കു മറിയുകയായിരുന്നു. റോഡിന് വീതികുറവായതിനാല്‍ ലോഡുമായി വരുന്ന ലോറി കണ്ട് മൂന്നു സ്ത്രീകള്‍ മുന്നിലേക്ക് ഓടിമാറിയിരുന്നു. റോഡില്‍ തലകീഴായി മറിഞ്ഞ ലോറിയില്‍നിന്ന് ഗോതമ്പുചാക്കുകള്‍ റോഡിനുതാഴെ സ്റ്റേഡിയത്തിന് ചുറ്റുമുള്ള കടകള്‍ക്കുമുന്നിലേക്ക് തെറിച്ചുവീണു. മറിഞ്ഞ ലോറിക്കുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറും ക്ളീനറും പുറത്തേക്കുചാടി രക്ഷപ്പെടുകയായിരുന്നു. അപകടമുണ്ടായതോടെ എം.സി റോഡില്‍ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പിന്നീട് മറ്റൊരു ലോറി എത്തിച്ച് ഗോതമ്പുചാക്കുകള്‍ മാറ്റുകയും ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിമാറ്റുകയുമായിരുന്നു. ഫയര്‍ഫോഴ്സും സ്ഥലത്തത്തെിയിരുന്നു. രണ്ടുമണിക്കൂറിനുശേഷമാണ് എം.സി റോഡില്‍ ഗതാഗതം സാധാരണ നിലയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.