തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമായി മാറിയ സാഹചര്യത്തില്‍ ഏതു വിധേനയും പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ഏവരും കൊണ്ടുപിടിച്ച ശ്രമം ആരംഭിച്ചു. ചിഹ്നം നോക്കി വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞെന്നും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ അവതരിപ്പിക്കുകയാണ് വേണ്ടതെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവന ഒരു മുഴം മുമ്പേ ഇടത് പാര്‍ട്ടികളില്‍ പുനര്‍വിചിന്തനത്തിന് വഴിയൊരുക്കി. കണ്ടു തഴമ്പിച്ച പഴയമുഖങ്ങള്‍ക്ക് പകരം പുതുമുഖങ്ങളെ അവതരിപ്പിക്കാനുള്ള രാഹുലിന്‍െറ താല്‍പര്യം കോണ്‍ഗ്രസില്‍ എത്രകണ്ട് പ്രയോഗത്തില്‍ വരുത്താനാകുമെന്ന കാര്യം സംശയമാണ്. കഴിഞ്ഞ തവണ രാഹുല്‍ ബ്രിഗേഡിലെ പ്രമുഖനായ കെ.ടി. ബെന്നി 2549 വോട്ടിന് ചാലക്കുടിയില്‍ പരാജയപ്പെട്ടത് രാഹുലിനെ ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍ തന്നെയാണ് പരാജയത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമായിരുന്നു. അതേസമയം, വോട്ടര്‍മാരില്‍ മതിപ്പ് ഉളവാക്കാനായി സി.പി.എമ്മും സി.പി.ഐയും പുതുമുഖ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കാനാണത്രേ ആലോചിക്കുന്നത്. മുമ്പ് സുരേഷ് കുറുപ്പ്, കെ. ശിവരാമന്‍, എ.പി. അബ്ദുല്ലക്കുട്ടി എന്നിവരെ പാര്‍ലമെന്‍റ് സ്ഥാനാര്‍ഥികളായി അവതരിപ്പിക്കുക വഴി സി.പി.എം നടത്തിയ നീക്കം ജനമനസ്സുകളില്‍ സ്വാധീനമുണ്ടാക്കിയിരുന്നു. ഇത് അതതിടങ്ങളില്‍ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും നിര്‍ണായക പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അസംബ്ളി തെരഞ്ഞെടുപ്പില്‍ സമാനമായ അടവുനയങ്ങള്‍ പയറ്റാനാണ് സി.പി.എം അണിയറയില്‍ ആലോചിക്കുന്നത്. അതിനോട് ചേര്‍ന്ന് പോകും വിധത്തില്‍ ഒട്ടും മോശമല്ലാതെ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കണമെന്ന് സി.പി.ഐയും കരുതുന്നു. യുവജന, വിദ്യാര്‍ഥി, വനിതാ പോഷക സംഘടനകളുടെ പ്രതിനിധികള്‍ക്ക് അപ്പുറം സാമൂഹിക സാംസ്കാരിക കലാ മേഖലകളില്‍നിന്ന് പൊതുസമ്മതരെ സ്ഥാനാര്‍ഥികളാക്കാന്‍ ഇരു പാര്‍ട്ടിയിലും ആലോചനകളുണ്ട്. മതനിരപേക്ഷതയാണ് നയമെങ്കിലും സന്ദിഗ്ധ ഘട്ടങ്ങളില്‍ സാമുദായിക പരിഗണനകളെ മറക്കാനാവില്ളെന്ന അഭിപ്രായം പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. സി.പി.ഐയെ അപേക്ഷിച്ച് സി.പി.എമ്മില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പൊതുവെ പരിഗണനയുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സി.പി.ഐയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നില്ല. മലബാറില്‍ പ്രത്യേകിച്ച് മലപ്പുറത്തെ സീറ്റുകള്‍ തോല്‍ക്കാന്‍വേണ്ടി മാത്രമാകുന്നുവെന്നും ഇവിടെ മുസ്ലിം സ്ഥാനാര്‍ഥികളാണ് പരാജയപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറനാട് പാര്‍ട്ടി സ്ഥാനാര്‍ഥി കേവലം 2700 വോട്ടുമാത്രം കിട്ടി ബി.ജെ.പിയെക്കാള്‍ പിന്നിലായി നാലാം സ്ഥാനത്തേക്കുപോയ സാഹചര്യം ഉരുത്തിരിയാനിടയായതടക്കം പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ഇടതു മന്ത്രിസഭയില്‍ സി.പി.ഐ മന്ത്രിമാരുടെ കാര്യത്തില്‍ സാമുദായിക സമവാക്യങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ളെന്ന ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍, പുതിയ സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഇക്കാര്യത്തില്‍ ഉദാര സമീപനമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.